മൂന്നുമണിക്ക് ചര്‍ച്ച; തിരക്കിട്ട നീക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍, നഡ്ഡയുടെ നേതൃത്വത്തില്‍ ഉന്നതതല കൂടിയാലോചന, കര്‍ഷകപ്രക്ഷോഭം തണുപ്പിക്കാന്‍ നടപടിയുണ്ടാകുമോ?

കര്‍ഷക പ്രക്ഷോഭം തണുപ്പിക്കാനുള്ള നീക്കങ്ങള്‍ വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍
മൂന്നുമണിക്ക് ചര്‍ച്ച; തിരക്കിട്ട നീക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍, നഡ്ഡയുടെ നേതൃത്വത്തില്‍ ഉന്നതതല കൂടിയാലോചന, കര്‍ഷകപ്രക്ഷോഭം തണുപ്പിക്കാന്‍ നടപടിയുണ്ടാകുമോ?

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം തണുപ്പിക്കാനുള്ള നീക്കങ്ങള്‍ വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍. ഇന്ന് മൂന്നുമണിക്ക് കര്‍ഷകരെ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍, ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ വസതിയിലാണ് യോഗം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. റയില്‍വെ മന്ത്രി പീയൂഷ് ഗോയലും ചര്‍ച്ചയ്‌ക്കെക്കും. തുടര്‍ച്ചയായ മൂന്നാംദിവസമാണ് നഡ്ഡയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ യോഗം ചേരുന്നത്. 

കര്‍ഷകരെ മൂന്നുമണിക്ക് ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്നും അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും ചര്‍ച്ച നടത്താനും സര്‍ക്കാര്‍ എപ്പോഴും തയ്യാറാണെന്നും കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

കര്‍ഷക സമരം അവസാനിപ്പിക്കുന്നതിനെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിമാരോട് അഭിപ്രായം തേടിയെന്നാണ് വിവരം. കര്‍ഷകരെ അനുനയിപ്പിക്കാന്‍ രാജ്‌നാഥ് സിങിനെ രംഗത്തിറക്കും എന്നും സൂചനയുണ്ട്. 

വിഷയത്തില്‍ പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞ രണ്ടുദിവസമായി മന്ത്രിമാര്‍ നീക്കം നടത്തുന്നുണ്ടെന്നും സൂചനയുണ്ട്. കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ സംസ്ഥാനങ്ങളിലെ ഉന്നത നേതാക്കളെ രംഗത്തിറക്കുന്നതിനെപ്പറ്റിയും ബിജെപി ആലോചിക്കുന്നുണ്ട്. 

അതേസമയം, ഉപാധികളില്ലാതെ ചര്‍ച്ചയെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍. സമരത്തില്‍ പങ്കെടുക്കുന്ന എല്ലാ യൂണിയനുകളിലെയും പ്രതിനിധികളെ ക്ഷണിക്കാതെ ചര്‍ച്ചയ്ക്കില്ല എന്ന നിലപാടും സംഘടനകള്‍ സ്വീകരിച്ചിട്ടുണ്ട്. 

അഞ്ഞൂറോളം കര്‍ഷക സംഘടനകളാണ് സമരരംഗത്തുള്ളത്. ഇതില്‍ 32 എണ്ണത്തെ മാത്രമാണ് ചര്‍ച്ചയ്ക്ക് വിളിച്ചത്. മുഴുവന്‍ സംഘടനകളെയും ക്ഷണിക്കാതെ ചര്‍ച്ചയ്ക്ക് ഇല്ലെന്ന് കിസാന്‍ സംഘര്‍ഷ് സമിതി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com