'ഞങ്ങള്‍ കര്‍ഷകരുടെ മക്കളാണ്'; പിന്തുണയുമായി കായിക താരങ്ങള്‍, പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കും

'ഞങ്ങള്‍ കര്‍ഷകരുടെ മക്കളാണ്'; പിന്തുണയുമായി കായിക താരങ്ങള്‍, പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കും
അര്‍ജുന പുരസ്‌കാരം
അര്‍ജുന പുരസ്‌കാരം

ചണ്ഡിഗഢ്: പുതിയ കാര്‍ഷിക നയങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കു പിന്തുണ പ്രഖ്യാപിച്ച് മുന്‍ കായിക താരങ്ങള്‍. ഡല്‍ഹി ചലോ മാര്‍ച്ചിനിടെ കര്‍ഷകര്‍ക്കു നേരെയുണ്ടായ നടപടികളില്‍ പ്രതിഷേധിച്ച് പദ്മശ്രീ, അര്‍ജുന പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുമെന്ന് താരങ്ങള്‍ പ്രഖ്യാപിച്ചു.

പദ്മശ്രീയും അര്‍ജുന പുരസ്‌കാരവും നേടിയിട്ടുള്ള ഗുസ്തി താരം കര്‍ത്താര്‍ സിങ്, അര്‍ജുന പുരസ്‌കാര ജേതാവും ബാസ്‌ക്കറ്റ് ബോള്‍ താരവുമായ സജ്ജന്‍ സിങ് ചീമ, അര്‍ജുന ജേതാവും ഹോക്കി താരവുമായ രാജ്ബിര്‍ കൗര്‍ എന്നിവരാണ് കര്‍ഷകര്‍ക്കു പിന്തുണയുമായി രംഗത്തുവന്നത്. 

ഈ മാസം അഞ്ചിന് ഡല്‍ഹിയില്‍ എത്തി പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി ഭവനു പുറത്തുവയ്ക്കുമെന്ന് താരങ്ങള്‍ അറിയിച്ചു. ഡല്‍ഹി മാര്‍ച്ച് നടത്തിയ കര്‍ഷകര്‍ക്കു നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ച കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നടപടിയില്‍ കായിക താരങ്ങള്‍ പ്രതിഷേധം അറിയിച്ചു.

''ഞങ്ങള്‍ കര്‍ഷകരുടെ മക്കളാണ്. അവര്‍ സമാധാനപരമായാണ് പ്രതിഷേധിക്കുന്നത്. മാസങ്ങളായി അവരുടെ പ്രതിഷേധം തുടരുകയാണ്. സംഘര്‍ഷത്തിന്റെ ഒരു സംഭവം പോലും ആ സമരത്തിലില്ല''- താരങ്ങള്‍ പറഞ്ഞു.

ഡല്‍ഹിയിലേക്കു നീങ്ങിയപ്പോള്‍ അവര്‍ക്കെതിരെ ജലപീരങ്കി പ്രയോഗിക്കപ്പെടുന്നു. കണ്ണീര്‍ വാതക ഷെല്ലുകള്‍ എറിയുന്നു. ഞങ്ങളുടെ കാരണവന്‍മാരുടെയും സഹോദരങ്ങളുടെയും തലപ്പാവുകള്‍ അഴിച്ചെറിയപ്പെടുമ്പോള്‍ ഞങ്ങള്‍ പുരസ്‌കാരങ്ങള്‍ വച്ചുകൊണ്ടിരിക്കുന്നതില്‍ എന്തു കാര്യം? ''- താരങ്ങള്‍ ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com