ഐസിഎസ്ഐ പരീക്ഷ ഡിസംബറില്‍; ഡേറ്റ് മാറ്റിയെടുക്കാന്‍ അവസരം, അടുത്ത വര്‍ഷം പരീക്ഷയെഴുതാം

അടുത്ത വര്‍ഷം ജനുവരി 15ന് മുന്‍പ് അപേക്ഷകള്‍ സമര്‍പ്പിക്കണം
ഐസിഎസ്ഐ പരീക്ഷ ഡിസംബറില്‍; ഡേറ്റ് മാറ്റിയെടുക്കാന്‍ അവസരം, അടുത്ത വര്‍ഷം പരീക്ഷയെഴുതാം

ന്യൂഡല്‍ഹി: കമ്പനി സെക്രട്ടറി പരീക്ഷ ഡിസംബറില്‍ നടക്കാനിരിക്കെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ അടുത്ത വര്‍ഷത്തേക്ക് മാറ്റാന്‍ അവസരമുണ്ടായിരിക്കുമെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ അറിയിച്ചു. വണ്‍ ടൈം ഓപ്റ്റ് ഔട്ട് എന്ന ഓപ്ഷന്‍ ഉപയോഗിച്ച് 2021 ജൂണില്‍ പരീക്ഷ എഴുതുന്ന രീതിയില്‍ ക്രമീകരണം നടത്താനാകും. രാജ്യത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്താണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

ഈ വര്‍ഷം നവംബര്‍ 20നും ഡിസംബര്‍ 30നും ഇടയില്‍ കോവിഡ് സ്ഥിരീകരിച്ചാലാണ് അടുത്ത വര്‍ഷത്തേക്ക് പരീക്ഷ മാറ്റിയെടുക്കാനാവുക. ഓണ്‍ലൈനായി ഇതിനുള്ള അപേക്ഷ സമര്‍പ്പിക്കാം. ഐസിഎസ്ഐ  വെബ്‌സൈറ്റില്‍ ലഭിക്കുന്ന ഫോം പൂരിപ്പിച്ച് സെല്‍ഫ് ഡിക്ലറേഷന്‍ ചെയ്ത് അയക്കുകയും ഇതോടൊപ്പം കോവിഡ് സ്ഥിരീകരിച്ചതിന്റെ രേഖകളും അപ്ലോഡ് ചെയ്യണം. കോവിഡ് സ്ഥിരീകരിച്ചതിന്റെ മെഡിക്കല്‍ രേഖകള്‍ ഹാജരാക്കാത്തവരുടെ അടുത്ത അവസരം റദ്ദാക്കപ്പെടും. 

അടുത്ത വര്‍ഷം ജനുവരി 15ന് മുന്‍പ് അപേക്ഷകള്‍ സമര്‍പ്പിക്കണം. പരീക്ഷാ ഫീസായി നല്‍കിയ തുകയടക്കം അടുത്ത വര്‍ഷത്തേക്കായി മാറ്റും. 

കോവിഡ് കണക്കിലെടുത്ത് പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതടക്കം പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. കണ്ടെയിന്‍മെന്റ് സോണുകള്‍ അല്ലാത്ത സ്ഥലങ്ങളിലായിരിക്കും പരീക്ഷാ കേന്ദ്രങ്ങളെന്നും അധികൃതര്‍ അറിയിച്ചു. ഒരു ഹോളില്‍ 12 പേര്‍ എന്ന നിലയിലാണ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ക്രമീകരിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com