നൂറു കിലോ സ്വര്‍ണം കാണാനില്ല; സിബിഐക്കെതിരെ മോഷണക്കുറ്റത്തിനു കേസെടുക്കാന്‍ പൊലീസിന് ഹൈക്കോടതി നിര്‍ദേശം

സിബിഐയ്ക്കു കൊമ്പുണ്ടെന്നും ലോക്കല്‍ പൊലീസിന് വാലു മാത്രമേ  ഉള്ളുവെന്നുമുള്ള വാദം നിയമത്തിനു മുന്നില്‍ നിലനില്‍ക്കില്ലെന്ന് കോടതി
മദ്രാസ് ഹൈക്കോടതി/ഫയല്‍
മദ്രാസ് ഹൈക്കോടതി/ഫയല്‍

ചെന്നൈ: നൂറു കിലോഗ്രാം സ്വര്‍ണം കസ്റ്റഡിയില്‍ നിന്നു കാണാതായ സംഭവത്തില്‍ സിബിഐക്കെതിരെ മോഷണക്കുറ്റത്തിനു കേസെടുക്കാന്‍ പൊലീസിന് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം. ഇത്ര വലിയ അളവില്‍ സ്വര്‍ണം കാണാതായിട്ടും ഇതുവരെ കേസെടുക്കാത്തത് എന്തുകൊണ്ടെന്ന് കോടതി ആരാഞ്ഞു.

ചെന്നൈയിലെ സുരാന കോര്‍പ്പറേഷന്‍ എന്ന കമ്പനിയില്‍ 2012ല്‍ നടത്തിയ റെയ്ഡില്‍ 404.47 കിലോ സ്വര്‍ണം പിടിച്ചെടുത്തിരുന്നു. കമ്പനിയിലെയും മിനറല്‍സ് ആന്‍ഡ് മെറ്റല്‍ ട്രെയ്ഡിങ് കോര്‍പ്പറേഷനിലെയും ജീവനക്കാര്‍ ഉള്‍പ്പെട്ട അഴിമതിക്കേസില്‍ ആയിരുന്നു റെയ്ഡ്. ഈ സ്വര്‍ണം അവിടെതന്നെ സീല്‍ ചെയ്തു സൂക്ഷിക്കുകയായിരുന്നു. 2019ല്‍ സ്വര്‍ണം ലിക്വിഡേറ്റര്‍ക്കു കൈമാറാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവിട്ടു. ഈ സ്വര്‍ണം വിറ്റ് ബാങ്കുകളുടെ വായ്പ തീര്‍ക്കാനായിരുന്നു ട്രൈബ്യൂണലിന്റെ ഉത്തരവ്.

ട്രൈബ്യൂണല്‍ ഉത്തരവു പ്രകാരം കൈമാറുന്നതിന് നിലവറ തുറന്നപ്പോള്‍ 296 കിലോ സ്വര്‍ണം മാത്രമാണ് ഉണ്ടായിരുന്നത്. 103.864 കിലോ സ്വര്‍ണം എവിടെപ്പോയെന്ന് വിശദീകരിക്കാന്‍ സിബിഐക്കായില്ല. ''ഏതാനും ഗ്രാമുകളുടെയല്ല, ഒരു ലക്ഷം ഗ്രാമിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്''- കേസെടുക്കാന്‍ സിബിഐ-സിഐഡിക്കു നിര്‍ദേശം നല്‍കിക്കൊണ്ട് ജസ്റ്റിസ് പിഎന്‍ പ്രകാശ് ചൂണ്ടിക്കാട്ടി. 

ലിക്വഡേറ്റര്‍ക്കു സ്വര്‍ണം കൈമാറിയപ്പോള്‍ ഓരോന്നും പ്രത്യേകമായി തൂക്കി നല്‍കുകയായിരുന്നുവെന്നും വ്യത്യാസം അങ്ങനെ ഉണ്ടായതാവാം എന്നുമാണ് സിബിഐ വാദിച്ചത്. ഇതു കോടതി അംഗീകരിച്ചില്ല. സിബിഐക്കെതിരെ ലോക്കല്‍ പൊലീസ് കേസെടുക്കുന്നത് അന്തസ്സ് ഇടിച്ചുതാഴ്ത്തും എന്ന വാദവും കോടതി തള്ളി. സിബിഐയ്ക്കു കൊമ്പുണ്ടെന്നും ലോക്കല്‍ പൊലീസിന് വാലു മാത്രമേ  ഉള്ളുവെന്നുമുള്ള വാദം നിയമത്തിനു മുന്നില്‍ നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com