'സമരം നിങ്ങളെ ബുദ്ധിമുട്ടിച്ചെങ്കില്‍ ഞങ്ങള്‍ കൈകൂപ്പി മാപ്പ് ചോദിക്കുന്നു'; ജനങ്ങളോട് ക്ഷമ ചോദിച്ച് കര്‍ഷകര്‍

ഡല്‍ഹിയിലേക്കുള്ള വഴികള്‍ അടച്ചുള്ള സമരത്തില്‍ പൊതുജനത്തിന് നേരിട്ട ബുദ്ധിമുട്ടുകളില്‍ മാപ്പ് ചോദിച്ച് കര്‍ഷകര്‍
ഡല്‍ഹിയില്‍ സമരത്തിനെത്തിയ കര്‍ഷകന്‍/ ഫയല്‍ ചിത്രം
ഡല്‍ഹിയില്‍ സമരത്തിനെത്തിയ കര്‍ഷകന്‍/ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഡല്‍ഹിയിലേക്കുള്ള വഴികള്‍ അടച്ചുള്ള സമരത്തില്‍ പൊതുജനത്തിന് നേരിട്ട ബുദ്ധിമുട്ടുകളില്‍ മാപ്പ് ചോദിച്ച് കര്‍ഷകര്‍. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പേരിലിറക്കിയ പ്രസ്താവനയിലാണ് ജനതയോട് മാപ്പ് ചോദിച്ചിരിക്കുന്നത്. റോഡുകള്‍ ബ്ലോക്ക് ചെയ്തുള്ള സമരം തങ്ങളുടെ ഉദ്ദേശമായിരുന്നില്ലെന്നും അതിനുവേണ്ടി നിര്‍ബന്ധിതരാവുകയായിരുന്നു എന്നും കുറിപ്പില്‍ പറയുന്നു. ' ഞങ്ങളുടെ സമരം നിങ്ങളെ ബുദ്ധിമുട്ടിച്ചെങ്കില്‍ ഞങ്ങള്‍ കൈകൂപ്പി മാപ്പ് ചോദിക്കുന്നു'-കുറിപ്പില്‍ പറയുന്നു.  

'ഞങ്ങള്‍ കര്‍ഷകരാണ്. അന്നദാതാക്കള്‍ എന്നാണ് ഞങ്ങളെ അഭിസംബോധന ചെയ്യുന്നത്. ഈ മൂന്നു നിയമങ്ങളും ഞങ്ങള്‍ക്കുള്ള സമ്മാനമാണ് എന്നാണ് പ്രധാനമന്ത്രി പറയുന്നത്. പക്ഷേ ഇത് ഞങ്ങള്‍ക്കുള്ള ശിക്ഷയാണ്. ഞങ്ങള്‍ക്ക് സമ്മാനം തരണം എന്ന് ആഗ്രഹമുണ്ടെങ്കില്‍ ഉത്പ്പന്നങ്ങള്‍ക്ക് ന്യായമായ വില നല്‍കുമെന്ന് ഉറപ്പുതരൂ. ഞങ്ങള്‍ക്ക് ആരുടെയും ഔദാര്യം ആവശ്യമില്ല, ഞങ്ങള്‍ക്ക് വില മതിയാകും'- കര്‍ഷകര്‍ പ്രസ്താവനയില്‍ പറഞ്ഞു. 

'ഏതെങ്കിലും രോഗിക്കോ വയസ്സായ ആള്‍ക്കോ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍, ആംബുലന്‍സ് നിര്‍ത്തിയിടേണ്ടിവന്നാല്‍ ദയവായി ഞങ്ങളുടെ സന്നദ്ധപ്രവര്‍ത്തകരെ ബന്ധപ്പെടുക, അവര്‍ നിങ്ങളെ ഉടനെ സഹായിക്കും'- പ്രസ്താവനയില്‍ പറയുന്നു. 

അതേസമയം, കര്‍ഷക സംഘടനകള്‍ ആചരിച്ച ഒരുദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ചു. ഇന്നത്തെ നിരാഹാര സമരം വിജയമായിരുന്നുവെന്നും തങ്ങള്‍ ഒറ്റക്കെട്ടാണ് എന്ന് കാണിക്കാണ് നിരാഹാര സമരം നടത്തിയത് എന്നും കര്‍ഷക സംഘടന നേതാക്കള്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com