ഒരു വാക്‌സിന് കൂടി പരീക്ഷണാനുമതി; ഫൈസര്‍ വാക്‌സിന്റെ അതേ സാങ്കേതിക വിദ്യ, ഫ്രിഡ്ജിലും സൂക്ഷിക്കാം

ഒരു കോവിഡ് വാക്‌സിന് കൂടി പരീക്ഷണ അനുമതി നല്‍കിയെന്ന് കേന്ദ്രസര്‍ക്കാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത്‌ ഒരു കോവിഡ് വാക്‌സിന് കൂടി പരീക്ഷണ അനുമതി നല്‍കിയെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിന്റെ ബയോടെക്നോളജി വകുപ്പിന്റെ സഹായത്തോടെ ജനോവ കമ്പനിയാണ് വാക്സിന്‍ വികസിപ്പിച്ചിട്ടുള്ളത്. ഫൈസര്‍ വാക്സിന്റെ അതേ സാങ്കേതികവിദ്യയാണ് ഇതും പിന്തുടരുന്നത്. എന്നാല്‍ ഫൈസറില്‍നിന്ന് വ്യത്യസ്തമായി ഈ വാക്സിന്‍ സാധാരണ ശീതീകരണ സംവിധാനങ്ങളില്‍ സൂക്ഷിക്കാന്‍ കഴിയും. ഫ്രിഡ്ജില്‍പോലും വാക്സിന്‍ സൂക്ഷിക്കാമെന്ന്  നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ പറഞ്ഞു. 

നിലവില്‍ പരീക്ഷണ ഘട്ടത്തിലുള്ള ആറ് വാക്സിനുകള്‍ക്ക് പുറമെയാണ് ഒരു വാക്സിന്റെ പരീക്ഷണംകൂടി തുടങ്ങുന്നത്. കോവിഡ്ഷീല്‍ഡാണ് രാജ്യത്ത് വികസിപ്പിക്കുന്ന വാക്സിനുകളില്‍ പ്രധാനം. ആസ്ട്രസെനിക്കയുമായി സഹകരിച്ച് പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് വാക്സിന്‍ നിര്‍മിക്കുന്നത്. ഐസിഎംആറുമായി സഹകരിച്ച് ഹൈദരാബാദിലെ ഭാരത് ബയോടെക് നിര്‍മിക്കുന്ന കോവാക്സിനാണ് രണ്ടാമത്തേത്. 

ബയോടെക്നോളജി ഡിപ്പാര്‍ട്ടുമെന്റുമായി സഹകരിച്ച് അഹമ്മദാബാദിലെ കാഡില ഹെല്‍ത്ത്കെയര്‍ ലിമിറ്റഡ് വികസിപ്പിക്കുന്ന സൈക്കോവ് - ഡിയാണ് മൂന്നാമത്തെ വാക്സിന്‍. റഷ്യയുടെ സ്പുട്നിക്  - വിയാണ് നാലാമത്തേത്. റഷ്യയിലെ ഗമേലയ നാഷണല്‍ സെന്ററുമായി സഹകരിച്ച് ഹൈദരാബാദിലെ റഡ്ഡീസ് ലാബാണ് വാക്സിന്‍ നിര്‍മിക്കുന്നത്. 

നോവാവാക്സുമായി സഹകരിച്ച് പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന എന്‍വിഎക്സ് -കോവ് 2373 ആണ് അഞ്ചാമത്തേത്. അമേരിക്കയിലെ മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി സഹകരിച്ച് ഹൈദരാബാദിലെ ബയോളജിക്കല്‍ ഇ ലിമിറ്റഡ് നിര്‍മിക്കുന്ന വാക്സിനാണ് രാജ്യത്ത് പരീക്ഷണ ഘട്ടത്തിലുള്ള ആറാമത്തെ വാക്സിന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com