ന്യൂഇയര്‍ പാര്‍ട്ടിക്ക് പണം നല്‍കിയില്ല, അമ്മൂമ്മയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു; 19കാരന്‍ അറസ്റ്റില്‍

പുതുവര്‍ഷ ആഘോഷത്തിന് പണം നല്‍കാത്തതിന്റെ പേരില്‍  73കാരിയായ അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസില്‍ 19കാരന്‍ അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പുതുവര്‍ഷ ആഘോഷത്തിന് പണം നല്‍കാത്തതിന്റെ പേരില്‍  73കാരിയായ അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസില്‍ 19കാരന്‍ അറസ്റ്റില്‍. ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചാണ് കൊന്നതെന്ന് പൊലീസ് പറയുന്നു.

കിഴക്കന്‍ ഡല്‍ഹിയിലാണ് സംഭവം. അയല്‍വാസികള്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് വിവരം അറിയുന്നത്. കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്നു 73കാരി സതീഷ് ജോളി. നിലത്ത് രക്തം തളംകെട്ടി കിടന്നിരുന്നു.

വീടിന്റെ താഴത്തേ നിലയിലാണ് സതീഷ് ജോളി താമസിച്ചിരുന്നത്. ഒന്നാമത്തെ നിലയില്‍ മൂത്ത മകനാണ് താമസിക്കുന്നത്. ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പമാണ് മൂത്ത മകന്‍ കഴിയുന്നത്. 

ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. മൂത്ത മകന്റെ മകനായ കരണ്‍ അമ്മൂമ്മയോട് പണം ആവശ്യപ്പെട്ടു. ഇവര്‍ പണം നല്‍കാന്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് സതീഷ് ജോളിയെ കൊന്നു എന്നതാണ് കേസ്. തുടര്‍ന്ന് 18000 രൂപ മോഷ്ടിച്ച് കരണ്‍ കടന്നുകളഞ്ഞതായി  പൊലീസ് പറയുന്നു.

ഞായറാഴ്ച രാവിലെ മൂത്തമകന്‍ താഴെ വന്ന് നോക്കുമ്പോഴാണ് സംഭവം കണ്ടത്. മുറിയുടെ വാതില്‍ പൂട്ടിയതായി കണ്ട മൂത്തമകന്‍ സഹോദരനെ വിളിച്ച് അവിടെ അമ്മ വന്നോ എന്ന് ചോദിച്ചു. അവിടെ ഇല്ല എന്ന് അറിഞ്ഞതിനെ തുടര്‍ന്ന് സഹോദരന്മാര്‍ രണ്ടുപേരും കൂടി ചേര്‍ന്ന് വാതില്‍ പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. വാടകയ്ക്ക് എടുത്ത ചുറ്റിക ഉപയോഗിച്ചാണ് കരണ്‍ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. ഉത്തര്‍പ്രദേശില്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ വിദ്യാര്‍ഥിയാണ് കരണ്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com