ടിപ്പു സുല്‍ത്താന്‍ തുടക്കമിട്ട കുതിര വളര്‍ത്തല്‍ കേന്ദ്രം, നൂറ്റാണ്ടുകള്‍ക്ക് ഇപ്പുറം ഏഷ്യയിലെ തന്നെ 'നമ്പര്‍ വണ്‍', തലയെടുപ്പോടെ കുനിഗല്‍ സ്റ്റഡ് ഫാം (വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th December 2020 01:15 PM |
Last Updated: 29th December 2020 01:19 PM | A+A A- |
കുനിഗല്‍ സ്റ്റഡ് ഫാം
ബംഗളൂരു: ടിപ്പു സുല്‍ത്താന്‍ ആരംഭിച്ച കുതിര വളര്‍ത്തല്‍ കേന്ദ്രം നൂറ്റാണ്ടുകള്‍ക്ക് ഇപ്പുറം തെക്ക് കിഴക്കന്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കുതിര വളര്‍ത്തു കേന്ദ്രമായി തലയുയര്‍ത്തി നില്‍ക്കുന്നു. 1790ല്‍ ടിപ്പു സുല്‍ത്താന്‍ തുടക്കമിട്ട കേന്ദ്രമാണ് രാജ്യത്തിന്റെ യശസ്സായി മാറിയത്. നിലവില്‍ കുനിഗല്‍ സ്റ്റഡ് ഫാം എന്ന പേരില്‍ അറിയപ്പെടുന്ന ഈ കുതിര വളര്‍ത്തു കേന്ദ്രം രാജ്യത്തെ മികച്ച അഞ്ചെണ്ണത്തില്‍ ഒന്നാണ്.
ഏത് ശാസ്ത്രീയ രീതിയുടെ അടിസ്ഥാനത്തിലാണ് ടിപ്പു സുല്‍ത്താന്‍ ഇതിന് തുടക്കമിട്ടതെന്ന് അറിയില്ലെന്ന് സ്റ്റഡ് മാനേജര്‍ ഡോ ദിനേശ് പറയുന്നു. എന്നാല്‍ ഇവിടത്തെ മണ്ണും പുല്ലുകളും കുതിരകളുടെ വളര്‍ച്ചയ്ക്ക് ഏറ്റവും ഉത്തമമാണെന്ന് ദിനേശ് പറയുന്നു. 1992ല്‍ യുണൈറ്റഡ് റേസിങ് ആന്റ് ബ്ലഡ് സ്റ്റോക്ക് ബ്രീഡേഴ്‌സാണ് ഇതിന് കുനിഗല്‍ സ്റ്റഡ് ഫാം എന്ന പേര് നല്‍കിയത്. ഫാമിന്റെ നടത്തിപ്പ് വ്യവസായി വിജയ് മല്യയ്ക്ക് കര്‍ണാടക സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ കാലത്താണ് ഇതിന് ഈ പേര് ലഭിച്ചത്.
ഇവിടെ കയറണമെങ്കില്‍ പ്രത്യേക അനുമതി ആവശ്യമാണ്. കുതിരയെ വാങ്ങാന്‍ വരുന്നവര്‍ക്കും കുതിരയുടെ ഉടമകള്‍ക്കും പരിശീലകര്‍ക്കും മാത്രമാണ് ഇവിടെ പ്രവേശനത്തിന് അനുമതിയുള്ളു. ഇതിന് തുടക്കം കുറിച്ചത് ടിപ്പു സുല്‍ത്താന്റെ അച്ഛനായ ഹൈദരാലിയാണ് എന്ന വാദവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിന് തെളിവുകള്‍ ഇല്ല. ടിപ്പു സുല്‍ത്താന്‍ ആണ് ഇതിന് തുടക്കമിട്ടതെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്.
1790ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ കുതിരപട്ടാളത്തെ അണിനിരത്തുന്നതിന് വേണ്ടിയാണ് ടിപ്പു ഇത് തുടങ്ങിയത്. ടിപ്പുവിന്റെ മരണത്തിന് ശേഷം ഇത് ബ്രിട്ടീഷ് സൈന്യം ഏറ്റെടുത്തു. 1948ല്‍ മൈസൂര്‍ സംസ്ഥാനത്തിന് കൈമാറും മുന്‍പ് ഇത് മൈസൂര്‍ രാജ്യത്തിന്റെ സൈനിക വകുപ്പിന്റെ ഭാഗമായിരുന്നു.
കുനിഗല്‍ സ്റ്റഡ് ഫാം കാണാം, സുരേഷ് പന്തളത്തിന്റെ വ്‌ളോഗില്‍