ഭൂമി വിട്ടുകൊടുത്തില്ല; ടീച്ചറെയും സഹാദരിയെയും കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചു; ക്രൂരമര്‍ദ്ദനം; തൃണമൂല്‍ നേതാവിനെ പുറത്താക്കി

12 അടി റോഡ് നിര്‍മാണത്തിനു സ്ഥലം വിട്ടുനല്‍കിയശേഷം 24 അടി റോഡ് നിര്‍മിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് യുവതികള്‍ പരാതിപ്പെട്ടു
ഭൂമി വിട്ടുകൊടുത്തില്ല; ടീച്ചറെയും സഹാദരിയെയും കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചു; ക്രൂരമര്‍ദ്ദനം; തൃണമൂല്‍ നേതാവിനെ പുറത്താക്കി

കൊല്‍ക്കത്ത: ഭൂമിയേറ്റെടുക്കല്‍ നടപടിയെ ചോദ്യം ചെയ്ത അധ്യാപികയ്ക്കും സഹോദരിയ്ക്കും ക്രൂരമര്‍ദ്ദനം. അധ്യാപികയെ കയറുകൊണ്ട് കെട്ടിയിട്ട ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡിലൂടെ വലിച്ചിഴയ്ക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. ഇത് ചോദ്യം ചെയ്ത സഹോദരിയെയും സംഘം സമാനമായ രീതിയില്‍ മര്‍ദ്ദിച്ചു. പാര്‍ട്ടി നേതാവ് അമല്‍ സര്‍ക്കാരിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം. 

യുവതിയുടെ കാല്‍മുട്ടില്‍ കയര്‍ ഉപയോഗിച്ചുകെട്ടിയിട്ടു നടുറോഡിലൂടെ വലിച്ചുകൊണ്ടുപോയത്. സംഭവത്തിന്റെ ക്രൂരത വെളിവാക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സൗത്ത് ദിനജ്പൂര്‍ ജില്ലയിലെ ഫത നഗര്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. സംഭവത്തിന് പിന്നാലെ പാര്‍ട്ടി നേതാവ് അമല്‍ സര്‍ക്കാരിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തു. എന്നാല്‍ സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. 

സ്മൃതികോന ദാസ് എന്ന സ്ത്രീയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഞായറാഴ്ച സമൂഹമാധ്യമങ്ങളില്‍ വൈറലായത്. മെറൂണ്‍ വസ്ത്രം ധരിച്ച അധ്യാപികയെ തറയില്‍ തള്ളിയിട്ടശേഷം ഒരാള്‍ കയര്‍ ഉപയോഗിച്ചു കാലുകള്‍ കൂട്ടിക്കെട്ടി. മറ്റൊരു സംഘം കയ്യില്‍പിടിച്ച് റോഡിലൂടെ വലിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇവരുടെ സഹോദരി സോമദാസ് സംഭവസ്ഥലത്തുവച്ചുതന്നെ പ്രതിഷേധിച്ചു. തുടര്‍ന്ന് ഇവരെയും സംഘം ആക്രമിച്ചു. യുവതികളുടെ വീടിനു മുന്നിലെ റോ!ഡ് നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് അക്രമത്തില്‍ കലാശിച്ചത്. 12 അടി റോഡ് നിര്‍മാണത്തിനു സ്ഥലം വിട്ടുനല്‍കിയശേഷം 24 അടി റോഡ് നിര്‍മിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് യുവതികള്‍ പരാതിപ്പെട്ടു. 

സംഭവത്തിന് പിന്നാലെ ഇരുവരും സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. ഇരുവരുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com