വിശാല ബെഞ്ചിനെ എതിര്‍ത്ത് ഫാലി നരിമാന്‍; പരിഗണിക്കുന്നത് ശബരിമല റിവ്യൂ ഹര്‍ജി അല്ലെന്ന് ചീഫ് ജസ്റ്റിസ്, സുപ്രീം കോടതിയില്‍ ചൂടന്‍ വാദങ്ങള്‍

പുനപ്പരിശോധനാ ഹര്‍ജി പരിഗണിക്കുന്ന കോടതിക്കില്ലാത്ത അധികാരമാണ് ഇക്കാര്യത്തില്‍ അഞ്ചംഗ ബെഞ്ച് പ്രയോഗിച്ചതെന്ന് നരിമാന്‍
വിശാല ബെഞ്ചിനെ എതിര്‍ത്ത് ഫാലി നരിമാന്‍; പരിഗണിക്കുന്നത് ശബരിമല റിവ്യൂ ഹര്‍ജി അല്ലെന്ന് ചീഫ് ജസ്റ്റിസ്, സുപ്രീം കോടതിയില്‍ ചൂടന്‍ വാദങ്ങള്‍


ന്യൂഡല്‍ഹി: ശബരിമല പുനപ്പരിശോധനാ ഹര്‍ജിയില്‍, മതവിശ്വാസവുമായി ബന്ധപ്പെട്ടു കോടതികള്‍ക്കു പരിഗണിക്കാവുന്ന വിഷയങ്ങള്‍ പരിശോധിക്കാന്‍ വിശാല ബെഞ്ചിനു വിട്ട അഞ്ചംഗ ബെഞ്ചിന്റെ വിധിയെ ചോദ്യം ചെയ്ത് സീനിയര്‍ അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍. പുനപ്പരിശോധനാ ഹര്‍ജി പരിഗണിക്കുന്ന കോടതിക്കില്ലാത്ത അധികാരമാണ് ഇക്കാര്യത്തില്‍ അഞ്ചംഗ ബെഞ്ച് പ്രയോഗിച്ചതെന്ന് നരിമാന്‍ പറഞ്ഞു.

ശബരിമല യുവതീ പ്രവേശനം ഉള്‍പ്പെടെ, മതവിശ്വാസത്തില്‍ കോടതിക്ക് എത്രത്തോളം ഇടപെടാം എന്നതു പരിശോധിക്കുന്ന ഒന്‍പതംഗ ബെഞ്ചിന്റെ പരിഗണനാ വിഷയങ്ങള്‍ നിശ്ചയിക്കാനുള്ള വാദത്തിനിടെയാണ്, ഫാലി എസ് നരിമാന്‍ എതിര്‍പ്പ് അറിയിച്ചത്. അഞ്ചംഗ ബെഞ്ച് മുന്നോട്ടുവച്ചതു പോലുള്ള ചോദ്യങ്ങള്‍ കോടതിക്കു പരിഗണിക്കാവുന്നതാണ്. എന്നാല്‍ ഒരു കേസിലെ റിവ്യൂ ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചിന് ഇത്തരമൊരു അധികാരമില്ലെന്ന് ഫാലി എസ് നരിമാന്‍ പറഞ്ഞു. രാജ്യത്തെ പ്രമുഖ ഭരണഘടനാ വിദഗ്ധനായ ഫാലി നരിമാന്‍ സ്വന്തം നിലയ്ക്കാണ് കേസില്‍ ഹാജരായത്.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ക്കു 4-1 വിധിയിലുടെ അഞ്ചംഗ ബെഞ്ച് ഉത്തരം കണ്ടെത്തിയതാണെന്ന് നരിമാന്‍ ചൂണ്ടിക്കാട്ടി. മൂന്നംഗ ബെഞ്ച് ഉന്നയിച്ച ചോദ്യങ്ങള്‍ക്കാണ് അഞ്ചംഗ ബെഞ്ച് ഉത്തരം കണ്ടെത്തിയത്. ആ വിധിയില്‍ പിഴവുണ്ടോ എന്നു പരിശോധിക്കുകയാണ് റിവ്യൂ ഹര്‍ജിയില്‍ ചെയ്യാവുന്നതെന്ന് അദ്ദേഹം പറഞ്ഞു. തെറ്റായ കീഴ് വഴക്കങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഈ നടപടിയെന്ന് ഫാലി നരിമാന്‍ വാദിച്ചു. 

ശബരിമല മാത്രമല്ല, മറ്റു കേസുകളും വിശാല ബെഞ്ച് പരിഗണിക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ പറഞ്ഞു. എന്നാല്‍ അഞ്ചംഗ ബെഞ്ച് വിധി പറഞ്ഞത് ശബരിമല കേസ് പരിഗണിച്ചാണെന്ന് നരിമാന്‍ പ്രതികരിച്ചു. അഞ്ചംഗ ബെഞ്ച് ഉന്നയിച്ച ചോദ്യങ്ങള്‍ മാത്രമേ വിശാല ബെഞ്ച് പരിഗണിക്കൂവെന്നും ശബരിമല റിവ്യൂ ഹര്‍ജിയില്‍ അഞ്ചംഗ ബെഞ്ച് തന്നെയായിരിക്കും വിധി പറയുകയെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശാല ബെഞ്ചിന്റെ പരിഗണനയില്‍ വരുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. 

ഓരോ കേസിന്റെയും വിവരങ്ങള്‍ പരിശോധിക്കാതെ എങ്ങനെ വിശാല അര്‍ഥത്തില്‍ ഇതിനെ സമീപിക്കാനാവുമെന്ന് ഫാലി എസ് നരിമാന്‍ ചോദിച്ചു. സീനിയര്‍ അഭിഭാഷകരായ രാജീവ് ധവാനും കപില്‍ സിബലും നരിമാന്റെ വാദങ്ങളെ പിന്തുണച്ചു. നരിമാന്‍ ഉന്നയിക്കുന്ന വാദങ്ങള്‍ പ്രാഥമികമായി പരിശോധിക്കണമെന്ന് ഇന്ദിര ജയ്‌സിങ്  ആവശ്യപ്പെട്ടു. അതേസമയം വിശാല ബെഞ്ച് രൂപീകരിച്ച നടപടിയെ കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അനുകൂലിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com