മോദി താജ്മഹലും വില്‍ക്കും; ഡല്‍ഹി തെരഞ്ഞെടുപ്പ് റാലിയില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍

എല്ലാം വില്‍ക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ താജ്മഹല്‍ പോലും വില്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
മോദി താജ്മഹലും വില്‍ക്കും; ഡല്‍ഹി തെരഞ്ഞെടുപ്പ് റാലിയില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍

ന്യൂഡല്‍ഹി: എല്ലാം വില്‍ക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ താജ്മഹല്‍ പോലും വില്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ ഓയില്‍, എയര്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ പെട്രോളിയം, റയില്‍വെ തുടങ്ങി എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും വില്‍ക്കുകയാണ്. മേക്ക് ഇന്‍ ഇന്ത്യ എന്ന മുദ്രാവാക്യമുയര്‍ത്തി അധികാരത്തിലെത്തിയ മോദി ഒരു വ്യവസായശാല പോലും രാജ്യത്ത് തുടങ്ങിയിട്ടില്ലെന്ന് രാഹുല്‍ പറഞ്ഞു. ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ്് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മേക്ക് ഇന്‍ ഇന്ത്യ നടപ്പായിരുന്നെങ്കില്‍ ഓരോ വര്‍ഷവും രണ്ടു കോടി യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുമായിരുന്നു. എന്നാല്‍ മോദിക്കോ കെജ്‌രിവാളിനോ അതില്‍ താല്‍പര്യമില്ല. പരസ്പരം പോരാടാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും അങ്ങനെ അധികാരം പിടിച്ചെടുക്കുകയും ചെയ്യുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യമെന്നും രാഹുല്‍ പറഞ്ഞു.

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാകുമ്പോഴും പ്രധാനമന്ത്രി അതിനെക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടുന്നില്ല. രണ്ടു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാഗ്ദാനം. എന്നാല്‍ എത്രപേര്‍ക്ക് ജോലി കിട്ടി ഡല്‍ഹിയില്‍ യുവാക്കള്‍ക്ക്  തൊഴില്‍ നല്‍കാന്‍ അരവിന്ദ് കെജരിവാള്‍ ഒന്നും ചെയ്തില്ലെന്നും രാഹുല്‍ പറഞ്ഞു.

ചൈന ഒഴികെ ലോകത്തെ മറ്റെല്ലാ രാജ്യങ്ങളും ഇന്ത്യയില്‍ നിക്ഷേപമിറക്കാന്‍ തയ്യാറാണ്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി ഇവിടെ വിദ്വേഷവും അക്രമങ്ങളും ബലാത്സംഗങ്ങളും കൊലപാതകങ്ങളുമാണ് അവര്‍ കാണുന്നത്. എന്നാല്‍ നമ്മുടെ രാജ്യത്തിന്റെ ചരിത്രം ഇതായിരുന്നില്ല. സ്‌നേഹത്തിന്റെ രാജ്യമായിരുന്നു നമ്മുടേത്, രാഹുല്‍ ഗാന്ധി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com