പട്ടികവര്‍ഗ കുട്ടികളെക്കൊണ്ട് ചെരുപ്പ് അഴിപ്പിച്ച് മന്ത്രി , ചിത്രം എടുക്കുന്നത് തടഞ്ഞ് എംഎല്‍എ, വിവാദം  

മുതുമലൈ ടൈഗര്‍ റിസര്‍വിലെ ചടങ്ങിനെത്തിയ മന്ത്രി ക്യാമ്പിലെ ക്ഷേത്രത്തില്‍ കയറുന്നതിനായാണ് കുട്ടികളെക്കൊണ്ട് ചെരുപ്പ് അഴിപ്പിച്ചത്
പട്ടികവര്‍ഗ കുട്ടികളെക്കൊണ്ട് ചെരുപ്പ് അഴിപ്പിച്ച് മന്ത്രി , ചിത്രം എടുക്കുന്നത് തടഞ്ഞ് എംഎല്‍എ, വിവാദം  

നീലഗിരി : പട്ടികവര്‍ഗ കുട്ടികളെ പൊതുവേദിയില്‍ അപമാനിച്ച് മന്ത്രി. മുതുമലയില്‍ സന്ദര്‍ശനത്തിനെത്തിയ തമിഴ്‌നാട് വനംവകുപ്പ് മന്ത്രി ഡിണ്ടിഗല്‍ ശ്രീനിവാസനാണ് പൊതുവേദിയില്‍ വെച്ച് രണ്ട് ഗോത്രവിഭാഗത്തില്‍പ്പെട്ട കുട്ടികളെക്കൊണ്ട് തന്റെ ചെരുപ്പ് അഴിപ്പിച്ചത്. മുതുമലൈ ടൈഗര്‍ റിസര്‍വിലെ ചടങ്ങിനെത്തിയ മന്ത്രി ക്യാമ്പിലെ ക്ഷേത്രത്തില്‍ കയറുന്നതിനായാണ് കുട്ടികളെക്കൊണ്ട് ചെരുപ്പ് അഴിപ്പിച്ചത്.

സ്ഥലത്തുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍മാര്‍ ഇതിന്റെ ചിത്രം എടുക്കാന്‍ ശ്രമിക്കുന്നത് കണ്ട മന്ത്രി ശ്രീനിവാസന്‍, ഫോട്ടോഗ്രാഫര്‍മാരെ ചിത്രമെടുക്കുന്നതില്‍ നിന്നും വിലക്കി. ഇതിനിടെ സ്ഥലത്തുണ്ടായിരുന്ന കൂനൂര്‍ എംഎല്‍എ ശാന്തി എ രാമു ചിത്രം എടുക്കാതിരിക്കാന്‍ ഫോട്ടോഗ്രാഫര്‍മാരെ തടയുകയും ചെയ്തു. നീലഗിരി ജില്ലാ കളക്ടര്‍ ഇന്നസെന്റ് ദിവ്യയും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

മന്ത്രിയുടെ സംഘത്തില്‍പ്പെട്ടവര്‍ കുട്ടികളോട് മന്ത്രിയുടെ ചെരുപ്പ് ക്ഷേത്രത്തിന് മുന്നില്‍ കൊണ്ടുപോയി വെക്കാനും നിര്‍ദേശിച്ചു. വിദ്യാര്‍ത്ഥികളായ കുട്ടികളെയാണ് മന്ത്രി പൊതുമധ്യത്തില്‍ അപമാനിച്ചത്. സംഭവം വിവാദമായിട്ടുണ്ട്. മന്ത്രിയുടെ നടപടി അത്യന്തം ഹീനമാണെന്ന് യുണിസെഫ് പ്രതിനിധി ദേവാനേയന്‍ പറഞ്ഞു.

മന്ത്രിയുടെ മക്കളെയോ, പേരക്കുട്ടികളെയോ ഇത്തരത്തില്‍ ചെരുപ്പഴിക്കാന്‍ ഉപയോഗിക്കുമോയെന്ന് അദ്ദേഹം ചോദിച്ചു. അധികാരത്തിന്റെ ഗര്‍വാണ് ഇത് കാണിക്കുന്നത്. കുട്ടികള്‍ അവിടെ നില്‍ക്കുന്നത് കണ്ടാല്‍, മന്ത്രി അവരെക്കൊണ്ട് ചെരുപ്പ് അഴിപ്പിക്കുന്നതിന് പകരം, കുട്ടികള്‍ എന്തുകൊണ്ട് സ്‌കൂളില്‍ പോകുന്നില്ല എന്ന് അന്വേഷിക്കുകയല്ലേ ചെയ്യേണ്ടതെന്നും ദേവനേയന്‍ ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com