ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലെത്തിയത് 30 കോടി രൂപ ;നട്ടംതിരിഞ്ഞ് പൂക്കച്ചവടക്കാരനും കുടുംബവും

ജന്‍ധന്‍ അക്കൗണ്ട് പദ്ധതിപ്രകാരമുള്ള ഇവരുടെ അക്കൗണ്ടില്‍ മുമ്പ് ഉണ്ടായിരുന്നത് 60 രൂപ മാത്രമായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: കര്‍ണാടകത്തിലെ ചന്നപട്ടണയിലുള്ള പൂക്കച്ചവടക്കാരന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടില്‍ വന്നത് 30 കോടി രൂപ. കഴിഞ്ഞ ഡിസംബര്‍ അഞ്ചിനാണ് അക്കൗണ്ടില്‍ പണംവന്നതെങ്കിലും കഴിഞ്ഞദിവസമാണ് സംഭവം പുറത്തറിഞ്ഞത്. ബാങ്കില്‍ നിന്നുള്ളവര്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് എസ്ബിഐയിലെ അക്കൗണ്ടിലേക്ക് പണം വന്നകാര്യം പൂക്കച്ചവടക്കാരനായ സയിദ് ബുഹാന്റെ ഭാര്യ രഹ്ന ബാനു അറിയുന്നത്. തുടര്‍ന്ന് ബാങ്കധികൃതര്‍ അക്കൗണ്ട് മരവിപ്പിച്ചു.

ജന്‍ധന്‍ അക്കൗണ്ട് പദ്ധതിപ്രകാരമുള്ള ഇവരുടെ അക്കൗണ്ടില്‍ മുമ്പ് ഉണ്ടായിരുന്നത് 60 രൂപമാത്രമായിരുന്നു. മാസങ്ങള്‍ക്കുമുമ്പ് ഓണ്‍ലൈനിലൂടെ ഭാര്യയ്ക്ക് സാരി വാങ്ങിയപ്പോള്‍ കമ്പനി എക്‌സിക്യുട്ടീവ് എന്ന പേരില്‍ ഒരാള്‍ വിളിക്കുകയും കാര്‍ സമ്മാനമായി ലഭിച്ചെന്ന് അറിയിക്കുകയുംചെയ്തിരുന്നു. ഇതു ലഭിക്കണമെങ്കില്‍ 6,900 രൂപ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, ചെവിക്ക് ശസ്ത്രക്രിയ നടത്തുന്നതിനായി രണ്ടുലക്ഷംരൂപ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പണമില്ലെന്നും പറഞ്ഞതായി സയിദ് വ്യക്തമാക്കി.

തുടര്‍ന്ന് ബാങ്ക്അക്കൗണ്ട് വിവരങ്ങള്‍ ഇയാള്‍ക്ക് കൈമാറി. 30 കോടി രൂപ അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും ഇതില്‍ 15 കോടി രൂപ തിരിച്ചുതരണമെന്നും ആവശ്യപ്പെട്ട് മറ്റൊരാള്‍ പിന്നീട് വിളിച്ചതായി സയിദ് പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ അക്കൗണ്ടിലൂടെ മൂന്നുമാസത്തിനിടെ കോടികളുടെ ഇടപാടാണ് നടന്നതെന്ന് എസ്ബിഐ അറിയിച്ചു. ഒറ്റത്തവണയായി 30 കോടി രൂപ അക്കൗണ്ടിലേക്ക് വന്നതല്ല. 30 മുതല്‍ 40 ലക്ഷം രൂപവരെയുള്ള ഇടപാടുകളാണ് പലപ്പോഴായി നടന്നതെന്നും ബാങ്ക് വ്യക്തമാക്കി. ഇവരുടെ അക്കൗണ്ട് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com