'ചിലര്‍ എന്റെ പിന്‍ഭാഗത്ത് കയറിപിടിച്ചു. മറ്റൊരുത്തന്‍ മാറിടത്തിലും'; ഡല്‍ഹിയില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ കൂട്ട ലൈംഗികാതിക്രമം; സിഎഎ അനുകൂലികളെന്ന് വിദ്യാര്‍ഥികള്‍; (വീഡിയോ)

ഞങ്ങള്‍ സുരക്ഷിതരാണെന്ന് കരുതുന്ന പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ള കോളജിലാണ് ഇതെല്ലാം സംഭവിച്ചതെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്
'ചിലര്‍ എന്റെ പിന്‍ഭാഗത്ത് കയറിപിടിച്ചു. മറ്റൊരുത്തന്‍ മാറിടത്തിലും'; ഡല്‍ഹിയില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ കൂട്ട ലൈംഗികാതിക്രമം; സിഎഎ അനുകൂലികളെന്ന് വിദ്യാര്‍ഥികള്‍; (വീഡിയോ)


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോളജ് കാമ്പസില്‍ വിദ്യാര്‍ഥിനികള്‍ കൂട്ട ലൈംഗികാതിക്രമത്തിനിരയായതായി ആരോപണം. ഗാര്‍ഗി കോളജിലാണ് വിദ്യാര്‍ഥിനികളെ പുറത്തുനിന്നെത്തിയ സംഘം ശാരീരികമായി ഉപദ്രവിക്കുകയും പെണ്‍കുട്ടികള്‍ക്ക് നേരേ അശ്ലീലപ്രദര്‍ശനം നടത്തുകയും ചെയ്തത്. ഫെബ്രുവരി ആറാം തീയതി കോളജിലെ വാര്‍ഷികാഘോഷ പരിപാടികള്‍ക്കിടെയായിരുന്നു സംഭവം.

അതിക്രമത്തിനിരയായ പെണ്‍കുട്ടികള്‍ ട്വിറ്റര്‍ അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലൂടെ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കാമ്പസിനകത്തേക്ക് അതിക്രമിച്ച് കയറിയവര്‍ പെണ്‍കുട്ടികളെ കയറിപ്പിടിച്ചെന്നും ഉപദ്രവിച്ചെന്നും വിദ്യാര്‍ഥിനികള്‍ പറയുന്നു. ' ചിലര്‍ എന്റെ പിന്‍ഭാഗത്ത് കയറിപിടിച്ചു. മറ്റൊരുത്തന്‍ മാറിടത്തിലും. ഇതിനിടെ ഒരാള്‍ അയാളുടെ ലൈംഗികാവയവം തന്റെ ദേഹത്ത് ഉരസി. എന്റെ കൂട്ടുകാരിയുടെ വസ്ത്രത്തിനുള്ളിലൂടെ കൈകടത്തി. എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നത്. ഞങ്ങള്‍ സുരക്ഷിതരാണെന്ന് കരുതുന്ന പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ള കോളജിലാണ് ഇതെല്ലാം സംഭവിച്ചതെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. അത്രയേറേ നിരാശയും ഭയവുമുണ്ട്. എന്റെ കണ്ണുകളില്‍നിന്ന് ഇപ്പോഴും കണ്ണീര്‍ പൊഴിയുകയാണ്' ഒരു പെണ്‍കുട്ടി സാമൂഹികമാധ്യമത്തില്‍ കുറിച്ചു.

വാര്‍ഷികാഘോഷത്തിന് മതിയായ സുരക്ഷ ഒരുക്കാതിരുന്ന കേളേജ് അധികൃതരുടെ വീഴ്ചയാണ് സംഭവങ്ങള്‍ക്ക് കാരണമായതെന്നാണ് വിദ്യാര്‍ഥിനികളുടെ ആരോപണം. പുറത്തുനിന്നെത്തിയ പുരുഷന്മാരെ ഡല്‍ഹി സര്‍വകലാശാലയുടെ ഐഡി കാര്‍ഡ് പോലും ചോദിക്കാതെ കടത്തിവിട്ടെന്നും മറ്റുചിലര്‍ കൂട്ടത്തോടെ ഗേറ്റ് തള്ളിത്തുറന്നും മതില്‍ ചാടിയും കോളജില്‍ പ്രവേശിച്ചെന്നും ഇവര്‍ പറഞ്ഞു. യുവാക്കള്‍ കൂട്ടത്തോടെ കോളജിന്റെ ഗേറ്റ് തുറന്ന് പ്രവേശിക്കുന്ന ദൃശ്യങ്ങളും വിദ്യാര്‍ഥിനികള്‍ പങ്കുവെച്ചിട്ടുണ്ട്. അതിനിടെ, ഡല്‍ഹിയില്‍ സിഎഎ അനുകൂല പരിപാടിക്കെത്തിയവരാണ് കാമ്പസില്‍ അതിക്രമിച്ച് കയറിയതെന്നും ഇവര്‍ മദ്യപിച്ചിരുന്നതായും ചില വിദ്യാര്‍ഥിനികള്‍ ആരോപിച്ചു.

സംഭവത്തില്‍ കോളജ് അധികൃതര്‍ ഇതുവരെ പോലീസിന് പരാതി നല്‍കിയിട്ടില്ലെന്നാണ് വിവരം. പരാതിയുമായി കോളജ് അധികൃതരെ സമീപിച്ചപ്പോള്‍ സുരക്ഷ സംബന്ധിച്ച് ആശങ്കയുണ്ടെങ്കില്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കേണ്ടതില്ലെന്നായിരുന്നു മറുപടിയെന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞു.

കോളജില്‍ നടന്ന പരിപാടിയില്‍ ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലെ ആണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിച്ചിരുന്നുവെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ പ്രതികരണം. സുരക്ഷയ്ക്കായി ജീവനക്കാരെയും പോലീസിനെയും കമാന്‍ഡോകളെയും വിന്യസിച്ചിരുന്നു. കാമ്പസിലെ ഒരു ഭാഗം പൂര്‍ണമായും പെണ്‍കുട്ടികള്‍ക്ക് വേണ്ടിയായിരുന്നു. എന്നാല്‍ അതിന് പുറത്തുകടന്നത് അവരുടെ ഇഷ്ടപ്രകാരമായിരിക്കാമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. സംഭവത്തില്‍ കര്‍ശന നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങാനാണ് വിദ്യാര്‍ഥിനികളുടെ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com