സിവിവി കോഡ് വരെ ചോര്‍ന്നു, ലക്ഷക്കണക്കിന് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക്; സൂക്ഷിക്കുക!

ഇന്ത്യന്‍ ബാങ്കുകളിലെ പണമിടപാട് കാര്‍ഡുകളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാങ്കുകളിലെ പണമിടപാട് കാര്‍ഡുകളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്. ഡാര്‍ക്ക് വെബിലെ പ്രമുഖ അണ്ടര്‍ഗ്രൗണ്ട് കാര്‍ഡ് ഷോപ്പായ ജോക്കേഴ്‌സ് സ്റ്റാഷിലാണ്  ഇന്ത്യന്‍ ബാങ്കുകളിലെ അഞ്ചുലക്ഷത്തോളം വരുന്ന പണമിടപാട് കാര്‍ഡുകളുടെ വിവരങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. ഒരോ വിവരത്തിനും ഒന്‍പത് ഡോളര്‍ വീതമാണ് വിലയിട്ടിരിക്കുന്നത്. സിംഗപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സെക്യൂരിറ്റി കമ്പനിയായ ഗ്രൂപ്പ് ഐബിയാണ് ഗുരുതരമായ സുരക്ഷാവീഴച പുറത്തുകൊണ്ടുവന്നത്.

ഫെബ്രുവരി അഞ്ചിന് 4,60,000 പേയ്‌മെന്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ ഡാര്‍ക്ക് സ്റ്റാഷില്‍ അപ് ലോഡ് ചെയ്തതായാണ് ഗ്രൂപ്പ് ഐബി കണ്ടെത്തിയത്. ഇതില്‍ 98 ശതമാനവും ഒരു പ്രമുഖ ഇന്ത്യന്‍ ബാങ്കിന്റെ പണമിടപാട് കാര്‍ഡുകളുടേത് ആണ്.ഒക്ടോബറില്‍ സമാനമായ മുന്നറിയിപ്പുമായി ഗ്രൂപ്പ് ഐബി രംഗത്തുവന്നിരുന്നു.

സുരക്ഷാ വീഴ്ചയിലൂടെ പുറത്തുവന്ന ഡേറ്റാ ബേസിന് 42 ലക്ഷം ഡോളറിന്റെ മൂല്യം വരുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഇതിന്റെ ഉറവിടം ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഡേറ്റാ ബേസില്‍ കാര്‍ഡ് നമ്പര്‍, കാലാവധി തീരുന്ന സമയം, സിവിവി കോഡ് തുടങ്ങി ഇടപാടുകാരുടെ രഹസ്യവിവരങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതിന് പുറമേ കാര്‍ഡ് ഉടമയുടെ പേര്, ഇമെയില്‍ അഡ്രസ്, ഫോണ്‍ നമ്പര്‍ തുടങ്ങി നിര്‍ണായക വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നതെന്ന് ഗ്രൂപ്പ് ഐബി പറയുന്നു. ഇവ ഫിഷിങ്, മാല്‍വെയര്‍ തുടങ്ങി സൈബര്‍ തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കാനുളള സാധ്യത തളളിക്കളയാന്‍ സാധിക്കില്ലെന്നും കമ്പനി മുന്നറിയിപ്പ് നല്‍കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com