'അരമണിക്കൂര്‍ മുന്‍പ് എത്തിച്ചിരുന്നുവെങ്കില്‍ രക്ഷിക്കാമായിരുന്നു', ട്രാഫിക് ബ്ലോക്ക് അഞ്ചുവയസുകാരന്റെ ജീവനെടുത്തു; സൈറണ്‍ മുഴക്കിയിട്ടും വഴിമാറാതെ യാത്രക്കാരുടെ നിസഹകരണം

ട്രാഫിക് ബ്ലോക്ക് കാരണം കൃത്യസമയത്ത് വിദഗ്ധ ചികിത്സ നല്‍കാന്‍ കഴിയാതെ അഞ്ചുവയസുകാരന് ദാരുണാന്ത്യം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭുവന്വേശ്വര്‍: ട്രാഫിക് ബ്ലോക്ക് കാരണം കൃത്യസമയത്ത് വിദഗ്ധ ചികിത്സ നല്‍കാന്‍ കഴിയാതെ അഞ്ചുവയസുകാരന് ദാരുണാന്ത്യം. അരമണിക്കൂര്‍ മുന്‍പ് ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അടിയന്തര ചികിത്സ തേടി ആംബുലന്‍സില്‍ കൊണ്ടുപോകവേ, ട്രാഫിക് ബ്ലോക്ക് ഒഴിവാക്കി വഴിയൊരുക്കുന്നതില്‍ യാത്രക്കാര്‍ സഹകരിക്കാതിരുന്നതും മരണ കാരണമായെന്ന് ബന്ധുക്കള്‍ പറയുന്നു.

ഒഡീഷയിലെ ഭുവന്വേശ്വറിലാണ് സംഭവം. കുട്ടിക്ക് അടിയന്തര ചികിത്സ തേടി ക്യാപിറ്റല്‍ ആശുപത്രിയില്‍ നിന്ന് കിംസ് ആശുപത്രി വരെയുളള കേവലം 13 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ ആംബുലന്‍സ് എടുത്തത് ഒന്നരമണിക്കൂറാണ്. റോഡിലെ ട്രാഫിക് ബ്ലോക്കാണ് കുട്ടിയുടെ ജീവനെടുത്തത്. അരമണിക്കൂര്‍ മുന്‍പ് കുട്ടിയെ എത്തിച്ചിരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു.

നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡാണ് ജയ്‌ദേവ് വിഹാര്‍- നന്ദന്‍കണ്ണന്‍ റോഡ്. കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ എത്തിക്കാന്‍ ഈ റോഡിനെയാണ് ആശ്രയിച്ചത്. എമര്‍ജന്‍സി സൈറണ്‍ മുഴക്കിയാണ് ആംബുലന്‍സ് മുന്നോട്ടുപോയതെങ്കിലും ട്രാഫിക് ബ്ലോക്ക് ഒഴിവാക്കി വഴിയൊരുക്കുന്നതില്‍ യാത്രക്കാര്‍ സഹകരിച്ചില്ലെന്നാണ് റി്‌പ്പോര്‍ട്ടുകള്‍.

രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അഞ്ചുവയസുകാരനായ പ്രദീകിനെ പാട്ടിയയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം കൊണ്ടുപോയത്‌. വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. സമയം കുറവായത് കൊണ്ട് നഗരത്തിലെ സ്വകാര്യ ആശുപത്രിയാണ് ബന്ധുക്കള്‍ തെരഞ്ഞെടുത്തത്. എന്നാല്‍ ട്രാഫിക് ബ്ലോക്ക് ബന്ധുക്കളുടെ പ്രതീക്ഷകള്‍ക്ക് നിരാശ സമ്മാനിച്ചു. നിരവധി തവണ ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയതായി ബന്ധുക്കള്‍ പറയുന്നു. അടിയന്തര സാഹചര്യത്തില്‍ പോകാന്‍ പ്രത്യേക വഴി ഉണ്ടായിരുന്നുവെങ്കില്‍ തന്റെ കുട്ടി രക്ഷപ്പെടുമായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു. പലപ്പോഴും കുട്ടിയെ ബന്ധു വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയാണ് വഴിയൊരുക്കാന്‍ ശ്രമിച്ചത്. അതിനിടെ, വീണ് ബന്ധുവിന് നിസാര പരിക്കേല്‍ക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com