ട്രംപിന്റെ സന്ദര്‍ശനം; ഗുജറാത്തില്‍ ചേരി മറച്ചു മതില്‍ കെട്ടി, അടച്ചത് മോദിയുമൊത്ത് റോഡ് ഷോ നടത്തുന്ന വഴിയിലെ കോളനി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാസന്ദര്‍ശനത്തിന് മുന്നോടിയായി ഗുജറാത്തിലെ ചേരി അടച്ചുകെട്ടി അധികൃതര്‍.
ട്രംപിന്റെ സന്ദര്‍ശനം; ഗുജറാത്തില്‍ ചേരി മറച്ചു മതില്‍ കെട്ടി, അടച്ചത് മോദിയുമൊത്ത് റോഡ് ഷോ നടത്തുന്ന വഴിയിലെ കോളനി

അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാസന്ദര്‍ശനത്തിന് മുന്നോടിയായി ഗുജറാത്തിലെ ചേരി അടച്ചുകെട്ടി അധികൃതര്‍. അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് ചേരി അടച്ചുകെട്ടി മതില്‍ പണിഞ്ഞിരിക്കുന്നത്. 

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടും ഇന്ദിരാ ബ്രിഡ്ജും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡിന് വശുത്തുള്ള ചേരിയാണ് മതിലുകെട്ടി അടിച്ചിരിക്കുന്നത്.ഇതുവഴിയാണ് ട്രംപിന്റെയും മോദിയുടെയും റോഡ് ഷോയുടെ വാഹന വ്യൂഹം കടന്നുപോകുന്നത്. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനെത്തുന്ന ട്രംപ്, അഹമ്മദാബാദില്‍ വെച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് ചേരി കെട്ടി മറച്ചത് എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. 

അതേസമയം, ചേരി കെട്ടി മറച്ചതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് അഹമ്മദാബാദ് മേയര്‍ ബിജല്‍ പട്ടേല്‍ പറഞ്ഞതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

അര കിലോമീറ്ററോളം നീളവും ഏഴടി വീതിയുമുള്ള മതിലാണ് പണിതിരിക്കുന്നത്. ഫെബ്രുവരി 24നാണ് മോദിയുടെയും ട്രംപിന്റെയും റോഡ് ഷോ. 

അഞ്ഞൂറോളം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരിയാണ് അടച്ചിരിക്കുന്നത്. 2,500ഓളം പേര്‍ ഇവിടെ താമസിക്കുന്നുണ്ടെന്നാണ് വിവരം.  കാലങ്ങളോളം വൃത്തിയാക്കാതെ കിടന്നിരുന്ന റോഡുകളും ട്രംപിന്റെ സന്ദര്‍ശനം കണക്കിലെടുത്ത് പുനര്‍നിര്‍മ്മാണം നടത്തുന്നുണ്ട്. പതിനാറ് റോഡുകളാണ് തിരക്കിട്ട് വൃത്തിയാക്കുന്നത്. 

2017ല്‍ ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ് ഹൈദരാബാദ് സന്ദര്‍ശിച്ചപ്പോഴും സമാനമായ രീതിയില്‍ തെരുവുകള്‍ ഒഴിപ്പിക്കുകയും ചേരികള്‍ അടക്കുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com