അയോധ്യ ക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റ്; മഹന്ത് നൃത്യഗോപാല്‍ ദാസ് അധ്യക്ഷന്‍; മോദിയുടെ വിശ്വസ്തനും ട്രസ്റ്റില്‍

ജനങ്ങളുടെ ആഗ്രഹത്തിനനുസൃതമായി എത്രയും വേഗം ക്ഷേത്രം നിര്‍മിക്കുമെന്ന് നൃത്യഗോപാല്‍ ദാസ് അറിയിച്ചു
അയോധ്യ ക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റ്; മഹന്ത് നൃത്യഗോപാല്‍ ദാസ് അധ്യക്ഷന്‍; മോദിയുടെ വിശ്വസ്തനും ട്രസ്റ്റില്‍

ന്യൂഡല്‍ഹി: അയോധ്യ ക്ഷേത്രനിര്‍മാണത്തിനുള്ള ട്രസ്റ്റിന്റെ പ്രസിഡന്റായി രാമജന്മഭൂമി ന്യാസ് അധ്യക്ഷന്‍ മഹന്ത് നൃത്യഗോപാല്‍ ദാസിനെ തെരഞ്ഞെടുത്തു. വിഎച്ച്പി വൈസ് പ്രസിഡന്റ് ചംപത് റായിയാണ് ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി. സ്വാമി ഗോവിന്ദ് ദേവ് ഗിരിയാണ് ട്രഷറര്‍. ക്ഷേത്ര നിര്‍മാണ സമിതിയുടെ ചെയര്‍മാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയെ നിയമിച്ചു. മുഖ്യട്രസ്റ്റി കെ. പരാശരന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ട്രസ്റ്റ് ഭാരവാഹികളുടെ പേരുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ജനങ്ങളുടെ ആഗ്രഹത്തിനനുസൃതമായി എത്രയും വേഗം ക്ഷേത്രം നിര്‍മിക്കുമെന്ന് നൃത്യഗോപാല്‍ ദാസ് അറിയിച്ചു. രാമക്ഷേത്ര നിര്‍മാണം ആരംഭിക്കേണ്ട തീയതി സംബന്ധിച്ച് അടുത്ത മാസം ചേരുന്ന ക്ഷേത്ര നിര്‍മാണ സമിതി യോഗത്തില്‍ തീരുമാനിക്കുമെന്ന് ട്രസ്റ്റ് അംഗം സ്വാമി വിശ്വ പ്രസന്ന തീര്‍ഥ അറിയിച്ചു.

കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി മുന്‍ എറണാകുളം കലക്ടറും ഇപ്പോള്‍ ആഭ്യന്തരവകുപ്പു ജോയിന്റ് സെക്രട്ടറിയുമായ ഗ്യാനേഷ്‌കുമാര്‍, യുപി സര്‍ക്കാരിന്റെ പ്രതിനിധി അഡീഷനല്‍ ചീഫ് സെക്രട്ടറി അവിനാഷ് അവസ്തി, അയോധ്യ ജില്ലാ മജിസ്‌ട്രേട്ട് അനുജ് കുമാര്‍ ഝാ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

നേരത്തെ സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം 15 അംഗ രാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന് മോദി സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു. ഏഴ് അംഗങ്ങളും അഞ്ച് നോമിനികളും മൂന്ന് ട്രസ്റ്റികളും അടങ്ങുന്നതാണ് രാമക്ഷേത്ര ട്രസ്റ്റ്. ട്രസ്റ്റ് രൂപീകരിച്ചുവെങ്കിലും രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങാനുള്ള തീയതി നിശ്ചയിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com