ഒരുമാസം നിരോധനാജ്ഞ: ഡല്‍ഹിയിലേക്ക് കൂടുതല്‍ പൊലീസ്; ആവശ്യമെങ്കില്‍ സൈന്യം, അമിത് ഷാ ഉറപ്പുനല്‍കിയതായി കെജരിവാള്‍

 കലാപം പൊട്ടിപ്പുറപ്പെട്ട ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ  ചര്‍ച്ച വിജയകരമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍
ഒരുമാസം നിരോധനാജ്ഞ: ഡല്‍ഹിയിലേക്ക് കൂടുതല്‍ പൊലീസ്; ആവശ്യമെങ്കില്‍ സൈന്യം, അമിത് ഷാ ഉറപ്പുനല്‍കിയതായി കെജരിവാള്‍

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് കലാപം പൊട്ടിപ്പുറപ്പെട്ട ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ  ചര്‍ച്ച വിജയകരമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. സംഘര്‍ഷം നിയന്ത്രിക്കാന്‍ ആവശ്യത്തിന് പൊലീസിനെ നിയമിക്കുമെന്ന് അമിത് ഷാ ഉറപ്പു നല്‍കിയതായി കെജരിവാള്‍ പറഞ്ഞു. ആവശ്യമെങ്കില്‍ സൈന്യത്തെ രംഗത്തിറക്കാനും തീരുമാനമായി. രാഷ്ട്രീയം മറന്ന് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചുവെന്ന് കെജരിവാള്‍ പറഞ്ഞു.

വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ മാര്‍ച്ച് 24വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അതേസമയം, കലാപം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. കര്‍വാന്‍ നഗറിലും യമുമാനഗറിലും സംഘര്‍ഷമുണ്ടെന്നാണ് വിവരം. ഗോകുല്‍പുരി,  കബീര്‍ നഗര്‍, മൗജ്പൂര്‍, ബ്രഹ്മപുരി എന്നിവിടങ്ങലില്‍ ഇന്നും സംഘര്‍ഷമുണ്ടായി. തുവരെയുള്ള കണക്ക് പ്രകാരം, അക്രമ സംഭവങ്ങളില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 146പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 98പേര്‍ സാധാരണക്കാരും 48പേര്‍ പൊലീസുകാരുമാണ്.

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലാണ് കഴിഞ്ഞ ദിവസം രാത്രി സംഘര്‍ഷമുണ്ടായത്. ഇവര്‍ പര്‌സപരം കല്ലെറിയുകയും വാഹനങ്ങള്‍ക്കും കടകള്‍ക്കും തീയിടുകയുമായിരുന്നു.സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.

ഭജന്‍പുര, മൗജ്പുര്‍,ജാഫറബാദ് എന്നിവിടങ്ങളിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. പൗരത്വ നിയമ ഭേദഗതി വിഷയവുമായി ബന്ധപ്പെട്ട് 24 മണിക്കൂറിനിടെ ഡല്‍ഹിയിലുണ്ടാകുന്ന രണ്ടാമത്തെ സംഘര്‍ഷമാണിത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഡല്‍ഹിയിലേക്ക് എത്തുന്നതിന് മണിക്കൂറുകള്‍ മുമ്പായിരുന്നു സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. പ്രദേശത്ത് അര്‍ധ സൈനിക വിഭാഗത്തെ വിന്യസിച്ചു. ഡല്‍ഹി മെട്രോയുടെ ജാഫറാബാദ്, മൗജ്പുര്‍, ബാബര്‍പുര്‍, ഗോകുല്‍പുരി, ജോഹ്‌റി എന്‍ക്ലേവ്, ശിവ് വിഹാര്‍ സ്‌റ്റേഷനുകള്‍ അടച്ചിട്ടുണ്ട്.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. മുഹമ്മദ് ഷാരൂഖ് എന്നയാളാണ് അറസ്റ്റിലായത്. സംഘര്‍ഷത്തിനിടെ ഇയാള്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തതായി ഡല്‍ഹി പൊലീസ് ആരോപിച്ചു. അതിനിടെ ആക്രമണത്തിന് ആഹ്വാനം ചെയ്‌തെന്ന് ആരോപിച്ച് ഡല്‍ഹി ബിജെപി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരെ ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി പരാതി നല്‍കി. മിശ്രയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com