ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയം; കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് അജിത് ഡോവല്‍ (വീഡിയോ)

ഡല്‍ഹിയില്‍ കലാപബാധിത പ്രദേശങ്ങളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍
ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയം; കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് അജിത് ഡോവല്‍ (വീഡിയോ)

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കലാപബാധിത പ്രദേശങ്ങളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുളള സംഘര്‍ഷം കലാപമായി മാറിയ പശ്ചാത്തലത്തില്‍, നഗരത്തിലെ ക്രമസമാധാന നില നിയന്ത്രണ വിധേയമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

'കലാപബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ ഇപ്പോള്‍ സംതൃപ്തരാണ്. നിയമം നടപ്പാക്കാന്‍ ചുമതലപ്പെട്ട ഏജന്‍സികളില്‍ എനിക്ക് വിശ്വാസമുണ്ട്. പൊലീസ് നല്ലരീതിയിലാണ് അവരുടെ ജോലികള്‍ നിര്‍വഹിക്കുന്നത്'- അജിത് ഡോവല്‍ പറയുന്നു.വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കലാപബാധിത പ്രദേശമായ മൗജ്പൂര്‍ ഉള്‍പ്പെടെയുളള പ്രദേശങ്ങളാണ് അജിത് ഡോവല്‍ സന്ദര്‍ശിച്ചത്‌. അവിടെയുളള പ്രദേശവാസികളുമായി കാര്യങ്ങള്‍ ചോദിച്ച് അറിയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരാണ് ഡല്‍ഹിയുടെ ചുമതല ഡോവലിന് നല്‍കിയത്. നഗരത്തിലെ സ്ഥിതിഗതികള്‍ ഡോവല്‍ പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിസഭയെയും നേരിട്ട് ധരിപ്പിക്കും. ഇതിന്റെ ഭാഗമായാണ് ഡോവലിന്റെ സന്ദര്‍ശനം. അതിനിടെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. ഇതുവരെ 200 ഓളം പേരെ ചികിത്സിച്ചതായി ജിടിബി ആശുപത്രി അറിയിച്ചു. ഇതിനോടകം ഭൂരിപക്ഷം പേരും ആശുപത്രി വിട്ടതായും അധികൃതര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com