രാഹുല്‍ വിദേശത്ത്? ; പ്രവര്‍ത്തക സമിതി യോഗത്തിന് എത്തിയില്ല

പാര്‍ട്ടി ആസ്ഥാനത്തു ചേര്‍ന്ന യോഗത്തില്‍ സോണിയയെക്കൂടാതെ, പ്രിയങ്കാ ഗാന്ധി, പി ചിദംബരം, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു
രാഹുല്‍ വിദേശത്ത്? ; പ്രവര്‍ത്തക സമിതി യോഗത്തിന് എത്തിയില്ല

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രവര്‍ത്തക സമിതി യോഗം വിളിച്ചുചേര്‍ത്തു. പാര്‍ട്ടി ആസ്ഥാനത്തു ചേര്‍ന്ന യോഗത്തില്‍ സോണിയയെക്കൂടാതെ, പ്രിയങ്കാ ഗാന്ധി, പി ചിദംബരം, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

രാഹുല്‍ ഗാന്ധി യോഗത്തില്‍ പങ്കെടുത്തില്ലെന്നാണ് സൂചന. രാഹുല്‍ രാജ്യത്തില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തിലാണ് സോണിയ അടിയന്തരമായി യോഗം വിളിച്ചുചേര്‍ത്തത്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഉയര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനോടും അഭ്യര്‍ഥിച്ചിരുന്നു.

ഡല്‍ഹിയില്‍ തുടരുന്ന സംഘര്‍ഷങ്ങളില്‍ മരണം 18 ആയി. ഇന്ന് അഞ്ചുപേരാണ് മരിച്ചത്. ഇന്നലെ രാത്രിയും പലയിടങ്ങളിലും അക്രമം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. അക്രമങ്ങളില്‍ ഇതുവരെ 200 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ 56 പൊലീസുകാരും ഉള്‍പ്പെടുന്നു. പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലാണ് സംഘര്‍ഷം. മൗജ്പൂര്‍, സീലാംപൂര്‍, ?ഗോകുല്‍പുരി തുടങ്ങിയ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ പല പ്രദേശങ്ങളിലും ഇപ്പോഴും അക്രമം തുടരുന്നതായാണ് റിപ്പോര്‍ട്ട്.

അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഇവിടങ്ങളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നാലു സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ തുടരുകയാണ്. അക്രമികളെ കണ്ടാല്‍ ഉടനെ വെടിവയ്ക്കാനുള്ള ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ ഇപ്പോഴുംഡല്‍ഹിയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വടക്കുകിഴക്കന്‍ ദില്ലിയില്‍ അടുത്ത മുപ്പത് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ജഫ്രാബാദിലെ പ്രതിഷേധക്കാരെ പൂര്‍ണമായും ഒഴിപ്പിച്ചതായി ഡല്‍ഹി പൊലീസ് പറഞ്ഞു. കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കലാപത്തെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന ഡല്‍ഹിയിലെ മെട്രോ സ്‌റ്റേഷനുകളെല്ലാം ഇന്ന് തുറന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com