അമിത് ഷാ രാജിവെക്കണോ?; രാഷ്ട്രീയം പറയേണ്ട സമയമല്ലെന്ന് മമത; നവീന്‍ ഹൗസില്‍ ആഭ്യന്തരമന്ത്രിക്ക് വിരുന്ന്

ബിഹാര്‍ മുഖ്യമന്ത്രി നീതീഷ് കുമാറിനും അമിത് ഷായ്ക്കുമൊപ്പം ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് ഒരുക്കിയ വിരുന്നില്‍ പങ്കെടുത്തതിന് പിന്നാലെയായിരുന്നു മമതയുടെ പ്രതികരണം
അമിത് ഷാ രാജിവെക്കണോ?; രാഷ്ട്രീയം പറയേണ്ട സമയമല്ലെന്ന് മമത; നവീന്‍ ഹൗസില്‍ ആഭ്യന്തരമന്ത്രിക്ക് വിരുന്ന്

ഭുവനേശ്വര്‍: ഡല്‍ഹി കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്ന പ്രതിപക്ഷപാര്‍ട്ടികളുടെ ആവശ്യത്തോട് പ്രതികരിക്കാതെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇക്കാര്യത്തില്‍ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് രാഷ്ട്രീയം സംസാരിക്കേണ്ട സമയമല്ല ഇതെന്നായിരുന്നു മമതയുടെ മറുപടി. ബിഹാര്‍ മുഖ്യമന്ത്രി നീതീഷ് കുമാറിനും അമിത് ഷായ്ക്കുമൊപ്പം ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് ഒരുക്കിയ വിരുന്നില്‍ പങ്കെടുത്തതിന് പിന്നാലെയായിരുന്നു മമതയുടെ പ്രതികരണം. 

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ വസതിയിലായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷാ, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ എന്നിവര്‍ക്ക് വിരുന്നൊരുക്കിയത്. എല്ലാവരും ചേര്‍ന്നിരുന്ന ഭക്ഷണം കഴിക്കുന്ന ചിത്രം നവീന്‍ പട്‌നായിക് ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. 

അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കിഴക്കന്‍ മേഖലാ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് മുഖ്യമന്ത്രിമാര്‍ ഭുവനേശ്വറില്‍ എത്തിയത്.

ഡല്‍ഹിയില്‍ നടന്നത് വളരെ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണെന്ന് മമത പറഞ്ഞു. അത് സംഭവിക്കാന്‍ പാടില്ലായിരുന്നു. കലാപത്തില്‍ ഒരു പൊലീസുകാരനും ഐബി ഉദ്യേഗസ്ഥനുമുള്‍പ്പെടെ നിരവധി പേരാണ് മരിച്ചത്.കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കണമെന്നും കിഴക്കന്‍ ഡല്‍ഹിയില്‍ സമാധാനം പുന:സ്ഥാപിക്കണമെന്നും മമത ബാനര്‍ജി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com