ഡല്‍ഹി കലാപത്തിന് കാരണം കോണ്‍ഗ്രസ്; സത്യത്തിന് വേണ്ടി പൊരുതാന്‍ മോദി സര്‍ക്കാരിന് മടിയില്ലെന്ന് അമിത് ഷാ

വടക്ക് കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ വര്‍ഗ്ഗീയ കലാപത്തിന്റെ കാരണക്കാര്‍ കോണ്‍ഗ്രസാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ഡല്‍ഹി കലാപത്തിന് കാരണം കോണ്‍ഗ്രസ്; സത്യത്തിന് വേണ്ടി പൊരുതാന്‍ മോദി സര്‍ക്കാരിന് മടിയില്ലെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ വര്‍ഗ്ഗീയ കലാപത്തിന്റെ കാരണക്കാര്‍ കോണ്‍ഗ്രസാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സത്യത്തിന് വേണ്ടി പൊരുതാന്‍ മോദി സര്‍ക്കാരിന് മടിയില്ലെന്നും പ്രതിപക്ഷം ജനങ്ങളെ ഇളക്കിവിടുകയാണെന്നും അമിത് ഷാ ബിഹാറില്‍ പറഞ്ഞു.

പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരോട്, ആരെയാണ് പൗരത്വത്തില്‍ നിന്ന് പുറത്താക്കുന്നതെന്ന് ജനങ്ങള്‍ ചോദിക്കണമെന്ന്് അമിത് ഷാ പറഞ്ഞു. ഒരു ഇന്ത്യന്‍ മുസ്ലിമിനും പൗരത്വ നിയമഭേദഗതി കാരണം പൗരത്വം നഷ്ടപ്പെടില്ല. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുന്നതുള്‍പ്പെടെ, എഴുപത് വര്‍ഷമായി പരിഹാരമില്ലാതിരുന്ന വിഷയങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ പോംവഴി കണ്ടെത്തിയെന്നും അമിത് ഷാ അവകാശപ്പെട്ടു.

അതിനിടെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി ഉയര്‍ന്നു. പരിക്കേറ്റ ചിലരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
സ്ഥിതി സാധാരണനിലയിലേക്ക് മടങ്ങുന്ന സാഹചര്യത്തില്‍ നിരോധനാജ്ഞയില്‍ ഇളവ് നല്‍കി. കലാപത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് അമിത് ഷായെ നീക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടിരുന്നു. സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, എകെ ആന്റണി, പി ചിദംബരം, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, കെസി വേണുഗോപാല്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു.

കലാപം നിയന്ത്രിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് പ്രതിനിധി സംഘം രാഷ്ട്രപതിയെ കണ്ടത്. ക്രമസമാധാനം നിയന്ത്രിക്കാന്‍ കഴിയാത്ത ഡല്‍ഹി പൊലീസിനെ നിയന്ത്രിക്കുന്ന ആഭ്യന്തര മന്ത്രി അമിത് ഷായെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സംഘം അഭ്യര്‍ത്ഥിച്ചു. നിവേദനം സ്വീകരിച്ച രാഷ്ട്രപതി ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് അറിയിച്ചതായി സോണിയ ഗാന്ധി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com