വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ജന ജീവിതം സാധാരണ നിലയിലേക്ക്; നിരോധനാജ്ഞയില്‍ ഇളവ്; മരണം 42ആയി

വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 42ആയി
കലാപം നടന്ന വടക്കു കിഴക്കൻ ഡൽഹിയിലെ ഖജൂരി ഖാസിൽ റോഡ് വൃത്തിയാക്കുന്ന മുൻസിപ്പൽ കോർപറേഷൻ ജീവനക്കാർ- ഫോട്ടോ/പിടിഐ
കലാപം നടന്ന വടക്കു കിഴക്കൻ ഡൽഹിയിലെ ഖജൂരി ഖാസിൽ റോഡ് വൃത്തിയാക്കുന്ന മുൻസിപ്പൽ കോർപറേഷൻ ജീവനക്കാർ- ഫോട്ടോ/പിടിഐ

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 42ആയി. കലാപം നടന്ന പ്രദേശത്ത് ജന ജീവിതം സാധാരണ നിലയിലായിത്തുടങ്ങി. ആളുകള്‍ പുറത്തിറങ്ങാനും കടകളെല്ലാം തുറന്നു പ്രവര്‍ത്തിക്കാനും ആരംഭിച്ചിട്ടുണ്ട്.

കനത്ത സുരക്ഷാ സന്നാഹം എല്ലായിടത്തും തുടരുകയാണ്. സ്ഥിതി സാധാരണ നിലയിലേക്ക് മടങ്ങുന്ന സാഹചര്യത്തില്‍ നിരോധനാജ്ഞയില്‍ ഇളവ് നല്‍കി. പരിക്കേറ്റ ചിലരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

അതിനിടെ കലാപം നടന്ന സ്ഥലത്തെ അഴുക്കുചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രഹസ്യാന്വേഷണ ബ്യൂറോ ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായി. അങ്കിത് ശര്‍മയുടെ മൃത ശരീരത്തില്‍ ഒന്നലധികം പോറലുകളും മൂര്‍ച്ചയുള്ള ആയുധം കൊണ്ടുണ്ടാക്കിയ ആഴത്തിലുള്ള മുറിവുകളുമുള്ളതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.

അങ്കിത് ശര്‍മയുടെ മരണത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട ആം ആദ്മി പാര്‍ട്ടി പ്രാദേശിക നേതാവ് താഹിര്‍ ഹുസൈനെതിരെ പൊലീസ് കൊലപാതകക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. അങ്കിത് ശര്‍മയുടെ മരണത്തിന് പിന്നില്‍ താഹിര്‍ ഹുസൈനാണെന്ന് അങ്കിതിന്റെ സഹോദരന്‍ ആരോപിച്ചിരുന്നു. കലാപകാരികള്‍ക്ക് താഹിറിന്റെ വീട്ടില്‍ അഭയം നല്‍കിയെന്നും അവര്‍ കല്ലുകളും പെട്രോള്‍ ബോംബുകളും പ്രയോഗിച്ചുവെന്നുമാണ് അങ്കിതിന്റെ സഹോദരന്‍ ആരോപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com