സര്‍ക്കാര്‍ സംരക്ഷിക്കുന്നത് രാജ്യത്തെ 130കോടി ജനങ്ങളുടെ താത്പര്യം; പ്രധാനമന്ത്രി

സര്‍ക്കാര്‍ സംരക്ഷിക്കുന്നത് രാജ്യത്തെ 130കോടി ജനങ്ങളുടെ താത്പര്യം; പ്രധാനമന്ത്രി

രാജ്യത്തെ 130കോടി ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുകയും അവരെ സേവിക്കയും ചെയ്യുകയാണ് സര്‍ക്കാരിന്റെ ആദ്യ പരിഗണനയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രയാഗ്‌രാജ്: രാജ്യത്തെ 130കോടി ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുകയും അവരെ സേവിക്കയും ചെയ്യുകയാണ് സര്‍ക്കാരിന്റെ ആദ്യ പരിഗണനയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വയോജനങ്ങള്‍, ഭിന്നശേഷിയുള്ളവര്‍, ദലിതര്‍, ചൂഷണം ചെയ്യപ്പെടുന്നവര്‍, ആദിവാസികള്‍ അങ്ങനെ ആരുമായിക്കോട്ടെ 130കോടി ജനങ്ങളെ സംരക്ഷിക്കുകയാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം- ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ ഭിന്ന ശേഷിക്കാര്‍ക്കും, മുതിര്‍ന്ന പൗരന്മാര്‍ക്കും സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു സംസാരിക്കവെ അദ്ദേഹം പറഞ്ഞു. 

മുന്‍ സര്‍ക്കാരുകളുടെ കാലത്ത്, ഇത്തരം വിതരണ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നില്ല, ഇങ്ങനെയുള്ള മെഗാ ക്യാമ്പുകള്‍ വളരെ അപൂര്‍വമായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 9,000 ത്തോളം ക്യാമ്പുകള്‍ ഞങ്ങളുടെ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. 
ഒരു പുതിയ ഇന്ത്യയുടെ സൃഷ്ടിക്ക്  വ്യത്യസ്ത കഴിവുള്ള ഓരോ കുട്ടിയുടെയും ശരിയായ പങ്കാളിത്തം ആവശ്യമാണ്.- പ്രധാനമന്ത്രി പറഞ്ഞു.

ഭിന്നശേഷിക്കാരായവരെ ആരെങ്കിലും ഉപദ്രവിക്കുകയോ പരിഹസിക്കുകയോ ചെയ്താല്‍ ഇതിനെതിരെയുള്ള നിയമങ്ങള്‍ ശക്തമാക്കും. ഭിന്നശേഷിയുള്ളവര്‍ക്ക് വേണ്ടിയുള്ള സംവരണം മൂന്ന് ശതമാനത്തില്‍ നിന്ന് നാല് ശതമാനാക്കി. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സംവരണം മൂന്ന് ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി. രണ്ടു ലക്ഷം പേര്‍ക്കാണ് നൈപുണ്യ പരിശീലനം നല്‍കുന്നത്. വ്യവസായമോ കായികമോ എന്തുമായിക്കോട്ടെ ഭിന്നശേഷിയുള്ളവരുടെ പങ്കാളിത്തം എല്ലാ മേഖലയിലും തീര്‍ച്ചയായും ഉണ്ടായിരിക്കണം- പ്രധാനമന്ത്രി പറഞ്ഞു. 

തന്റെ ഭരണക്കാലയളവില്‍ 900കോടിയുടെ ഉപകരണങ്ങള്‍ സര്‍ക്കാര്‍ ഭിന്നശേഷിയുള്ളവര്‍ക്ക് വിതരണം ചെയ്തുവെന്നും മറ്റ് സര്‍ക്കാരുകള്‍ 380കോടിമാത്രമേ ചിലവഴിച്ചുള്ളുവെന്നും അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ നാലഞ്ച് വര്‍ഷത്തിനുള്ളില്‍ നൂറുകണക്കിന് കെട്ടിടങ്ങള്‍, എഴുന്നൂറോളം റെയില്‍വേ സ്‌റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയവ ഭിന്നശേഷി സൗഹൃദമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രയാഗ് രാജിലേക്ക് വരുന്നത് തീര്‍ത്ഥാടനം പോലെയാണെന്നും പരിശുദ്ധിയും ഊര്‍ജവും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുഭമേളയില്‍ നിങ്ങളുടെ പ്രധാന സേവകനായി എനിക്കിവിടെ എത്താന്‍ സാധിച്ചു. ആയിരക്കണക്കിന് ഭിന്നശേഷിയുള്ളവരെയും വയോജനങ്ങളെയും സേവിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com