ഡല്‍ഹി പൊലീസ് മര്‍ദിച്ച് ദേശീയ ഗാനം പാടിച്ച യുവാവ് മരിച്ചു; പുലര്‍ച്ചെ ഒരുമണിവരെ സ്റ്റേഷനില്‍ കാത്തിരുന്നിട്ടും മകനെ കാണിച്ചില്ലെന്ന് മാതാവ്

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കര്‍ദാംപുരി നിവാസിയായ ഫൈസാനാണ് (23) വ്യാഴാഴ്ച മരിച്ചത്. 
ഡല്‍ഹി പൊലീസ് മര്‍ദിച്ച് ദേശീയ ഗാനം പാടിച്ച യുവാവ് മരിച്ചു; പുലര്‍ച്ചെ ഒരുമണിവരെ സ്റ്റേഷനില്‍ കാത്തിരുന്നിട്ടും മകനെ കാണിച്ചില്ലെന്ന് മാതാവ്

ന്യൂഡല്‍ഹി: കലാപത്തിനിടെ പരിക്കേറ്റു നിലത്തു കിടക്കുന്നവരെക്കൊണ്ട് ദേശീയഗാനം പാടിച്ച ഡല്‍ഹി പൊലീസിന്റെ നടപടി വിവാദമായിരിക്കെ, പാട്ടുപാടിയവരില്‍ ഒരാള്‍ മരിച്ചു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കര്‍ദാംപുരി നിവാസിയായ ഫൈസാനാണ് (23) വ്യാഴാഴ്ച മരിച്ചത്. 

പരിക്കേറ്റു നിലത്തുകിടന്ന യുവാക്കളെക്കൊണ്ട് പൊലീസ് നിര്‍ബന്ധിച്ച് ദേശീയ ഗാനം പാടിക്കുന്നതിന്റെയും മര്‍ദിക്കുന്നതിന്റെയും ദൃശ്യം പുറത്തുവന്നിരുന്നു. അഞ്ചുപേരെയാണ് പൊലീസ് മര്‍ദിച്ചത്. 

ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫൈസാന്‍  ആശുപത്രിയിലാണ് മരിച്ചത്. ഫൈസാനെയും വിഡിയോയില്‍ കാണുന്ന മറ്റുള്ളവരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു ക്രൂരമായി മര്‍ദിച്ചെന്ന് കുടുംബം ആരോപിച്ചു. 'ഇരുമ്പ് ദണ്ഡുകള്‍ വച്ച് പൊലീസ് മര്‍ദിച്ചു. ഫൈസാന്റെ കാലുകള്‍ തകര്‍ന്നു. അടിയേറ്റ് ദേഹം മുഴുവന്‍ നീലിച്ചുപോയി. ആദ്യം റോഡില്‍ വച്ചാണ് മര്‍ദിച്ചത്. പിന്നീട് അവിടുന്നു കൊണ്ടുപോയതായിരിക്കണം'- ഫൈസാന്റെ ഇമ്മ പറഞ്ഞു.

'ഫൈസാനെ അറിയാവുന്ന ഒരാളാണ് എന്നെ വിവരം അറിയിച്ചത്. ഉടന്‍തന്നെ ആശുപത്രിയില്‍പോയി നോക്കി. അവിടെ കാണാത്തതിനാല്‍ ജ്യോതി കോളനിയിലെ പൊലീസ് സ്‌റ്റേഷനിലേക്കു പോയി. ഫോട്ടോ കാണിച്ചപ്പോള്‍ അവന്‍ അവിടെ ഉണ്ടെന്നു അറിഞ്ഞു. എന്നാല്‍ എന്നെ കാണിച്ചില്ല. പുലര്‍ച്ചെ ഒരു മണിവരെ ഞാന്‍ കാത്തിരുന്നു.പിറ്റേന്നു രാവിലെ മറ്റു രണ്ടുപേരുമായി സ്‌റ്റേഷനില്‍ ചെന്നപ്പോള്‍ അകത്തിടുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി. രാത്രി 11ന് അവന്റെ സ്ഥിതി മോശമായപ്പോള്‍ അവരെന്നെ വിളിച്ചു' - ഉമ്മ പറഞ്ഞു. 

പൊലീസ് വിട്ടയച്ചതിനു പിന്നാലെ കുടുംബം ഫൈസാനെ പ്രദേശത്തെ ഡോക്ടറെ കാണിച്ചു. സ്ഥിതി മോശമാകുന്നെന്നു കണ്ട ഡോക്ടര്‍ ഉടനെതന്നെ ആശുപത്രിയിലേക്കു മാറ്റി. ബിപിയും പള്‍സും കുറവായിരുന്നുവെന്നും തലയിലും ആന്തരികാവയവങ്ങളിലും പരിക്കുണ്ടായിരുന്നെന്നും ഡോക്ടര്‍ വ്യക്തമാക്കി. അതേസമയം, ഫൈസാന്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നില്ലെന്ന് ബന്ധു പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com