ഭരണഘടനയെ അപമാനിച്ചു, അരാജകത്വത്തിന് വഴിവയ്ക്കുന്നു; കേരള നിയമസഭയ്‌ക്കെതിരെ സ്വരം കടുപ്പിച്ച് ബിജെപി

ഭരണഘടനയെയും പാര്‍ലമെന്റിനെയും അവഹേളിക്കുന്നതാണ് കേരള നിയമസഭയുടെ പ്രവൃത്തിയെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മുഖ്താര്‍ അബ്ബാസ് നഖ്വി
മുഖ്താര്‍ അബ്ബാസ് നഖ്വി /ഫയല്‍
മുഖ്താര്‍ അബ്ബാസ് നഖ്വി /ഫയല്‍

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പസാക്കിയ കേരള നിയമസഭയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. ഭരണഘടനയെയും പാര്‍ലമെന്റിനെയും അവഹേളിക്കുന്നതാണ് കേരള നിയമസഭയുടെ പ്രവൃത്തിയെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മുഖ്താര്‍ അബ്ബാസ് നഖ്വി ആരോപിച്ചു.

പാര്‍ലമെന്റിന്റെയും സംസ്ഥാന നിയമസഭകളുടെയും ചുമതലകള്‍ ഭരണഘടന വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. ഭരണഘടന തൊട്ട് സത്യം ചെയ്ത ആളുകള്‍ തന്നെ അതിനെ ഇല്ലാതാക്കുന്നത് തീര്‍ത്തും ഉത്തരവാദിത്തരഹിതമായ പ്രവൃത്തിയാണ്. പൗരത്വ നിയമ ഭേദഗതി പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയതാണ്. അതിനെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുന്നത് ഭരണഘടനയെ മാത്രമല്ല പാര്‍ലമെന്റിനെയും അവഹേളിക്കലാണ്- നഖ്വി പറഞ്ഞു.

അരാജകത്വത്തിനു വഴിവയ്ക്കുന്നതാണ് കേരള നിയമസഭയുടെ നടപടിയെന്ന് ബിജെപി നേതാവ് ഗോപാല്‍ കൃഷ്ണ അഗര്‍വാള്‍ പറഞ്ഞു. തീര്‍ത്തും തെറ്റായതും ഭരണഘടന വിരുദ്ധവുമായ പ്രവൃത്തിയാണ് കേരള നിയമസഭയുടേത്. പാര്‍ലമെന്റ് പാസാക്കി രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച ഒരു നിയമത്തിനെതിരെ നിയമസഭയ്ക്ക് എങ്ങനെ പ്രമേയം കൊണ്ടുവരാനാവും? അത് അരാജകത്വത്തിനാണ് വഴിവയ്ക്കുക. ഭരണഘടനയാണ് പരമം എന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓര്‍ക്കണമെന്ന് അഗര്‍വാള്‍ പ്രതികരിച്ചു. 

അതേസമയം നിയമസഭയ്ക്ക് പ്രമേയം പാസാക്കാന്‍ അവകാശമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനുമായ കെടിഎസ് തുളസി പറഞ്ഞു. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിലുള്ള ഉത്കണ്ഠ പ്രകടിപ്പിക്കാന്‍ നിയമസഭയ്ക്ക് അവകാശമുണ്ട്. ഇക്കാര്യത്തില്‍ എന്ത് അവകാശമാണ് നിയമസഭ ലംഘിച്ചതെന്ന് മനസിലാവുന്നില്ലെന്ന് തുളസി പറഞ്ഞു. പ്രമേയം അവതരിപ്പിച്ചതിന്റെ പേരില്‍ ബിജെപി നേതാവ് ജിവിഎല്‍ നരസിംഹ റാവു മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കിയതു ചൂണ്ടിക്കാട്ടിയാണ് തുളസിയുടെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com