സംസ്ഥാനങ്ങളുടെ എതിര്‍പ്പ് ശക്തം : പൗരത്വ നടപടിക്രമങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കാന്‍ കേന്ദ്രം

നിയമം നടപ്പാക്കുന്നത് തടയാന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിക്കില്ലെങ്കിലും പൗരത്വം നല്‍കുന്നതിനുള്ള നടപടിക്രമങ്ങളില്‍ സംസ്ഥാനത്തിനുകൂടി പങ്കാളിത്തമുണ്ട്
സംസ്ഥാനങ്ങളുടെ എതിര്‍പ്പ് ശക്തം : പൗരത്വ നടപടിക്രമങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി : എതിര്‍പ്പുമായി സംസ്ഥാനങ്ങള്‍ രംഗത്തുവന്ന സാഹചര്യത്തില്‍, പൗരത്വ ഭേദഗതി നിയമം അനുസരിച്ച് പൗരത്വം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുവഴി പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍നിന്ന് സംസ്ഥാനങ്ങളുടെ പങ്കാളിത്തം ഒഴിവാക്കുന്നതിനാണിതെന്നാണ് സൂചന. അടുത്തിടെ പാര്‍ലമെന്റ് പാസ്സാക്കിയ ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിവിധ സംസ്ഥാനങ്ങള്‍ നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ മാര്‍ഗം ആലോചിക്കുന്നത്.

നിയമം നടപ്പാക്കുന്നത് തടയാന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിക്കില്ലെങ്കിലും പൗരത്വം നല്‍കുന്നതിനുള്ള നടപടിക്രമങ്ങളില്‍ സംസ്ഥാനത്തിനുകൂടി പങ്കാളിത്തമുണ്ട്. നിലവിലുള്ള നടപടിക്രമം അനുസരിച്ച് ജില്ലാ കലക്ടര്‍ മുഖേനയാണ് പൗരത്വത്തിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്. നടപടിക്രമങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കുന്നതിലൂടെ ഒരു ഘട്ടത്തിലും സംസ്ഥാനസര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യമില്ലാത്ത സ്ഥിതിയുണ്ടാക്കുക എന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതും രേഖകള്‍ പരിശോധിക്കുന്നതും പൗരത്വം നല്‍കുന്നതും അടക്കമുള്ള എല്ലാ നടപടികള്‍ക്കുമായി പ്രത്യേക അധികാരിയെ നിയോഗിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ എന്‍ഡിഎ ഇതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വന്‍ എതിര്‍പ്പാണ് പ്രകടിപ്പിച്ചിട്ടുള്ളത്. നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസ്സാക്കുകയും ചെയ്തിരുന്നു. നിയമം നടപ്പാക്കില്ലെന്ന് കേരളം, പശ്ചിമബംഗാള്‍, പഞ്ചാബ്, ജാര്‍ഖണ്ഡ്, ആന്ധ്രപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com