'ഞങ്ങള്‍ 80 ശതമാനം, നിങ്ങള്‍ 18 ശതമാനം മാത്രം' ; ബിജെപി എംഎല്‍എയുടെ വര്‍ഗീയ പ്രസ്താവനക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ ഗുരുതര ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നും ബിജെപി എംഎല്‍എ ഭീഷണി മുഴക്കി
'ഞങ്ങള്‍ 80 ശതമാനം, നിങ്ങള്‍ 18 ശതമാനം മാത്രം' ; ബിജെപി എംഎല്‍എയുടെ വര്‍ഗീയ പ്രസ്താവനക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്

ബംഗളൂരു : പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം നടത്തുന്നവര്‍ക്കെതിരെ ഭീഷണിയുമായി കര്‍ണാടകയിലെ ബിജെപി എംഎല്‍എ. ഞങ്ങള്‍ 80 ശതമാനം പേരുണ്ട്. നിങ്ങള്‍ ( മുസ്ലിങ്ങള്‍) 18 ശതമാനം മാത്രമേ ഉള്ളൂ. ഇക്കാര്യം ഓര്‍മ്മ വേണം. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ ഗുരുതര ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നും ബിജെപി എംഎല്‍എ സോമശേഖര്‍ റെഡ്ഡി ഭീഷണി മുഴക്കിയിരുന്നു.

നിങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ടെങ്കില്‍ ഭൂരിപക്ഷത്തെ മാനിക്കുക. ഇത് ഞങ്ങളുടെ രാജ്യമാണ്. നിങ്ങള്‍ക്ക് ഇവിടെ ജീവിക്കണമെന്നുണ്ടെഹ്കില്‍ ജീവിക്കാം. പക്ഷെ രാജ്യത്തിന്റെ ആചാരങ്ങള്‍ പിന്തുടരണം. പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും കൊണ്ടുവന്നത് മോദിയും അമിത് ഷായുമാണ്. ഈ നിയമങ്ങള്‍ക്കെതിരെ നിലകൊള്ളുന്നത് നല്ലതിനല്ലെന്നും ബിജെപി എംഎല്‍എ പറഞ്ഞു.

നിങ്ങള്‍ക്ക് വേണമെങ്കില്‍ പാകിസ്ഥാനിലേക്ക് പോകാം. ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല. നിര്‍ബന്ധപൂര്‍വം പറഞ്ഞയക്കാന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ഞങ്ങളെ ശത്രുക്കളായി കാണുകയാണെങ്കില്‍, തിരിച്ചും അങ്ങനെ കാണേണ്ടി വരുമെന്നും സോമശേഖര്‍ റെഡ്ഡി പറഞ്ഞു.

വര്‍ഗീയ പ്രസ്താവന നടത്തിയ ബിജെപി എംഎല്‍എ സോമശേഖര്‍ റെഡ്ഡിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കി. മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ, മുന്‍ കെപിസിസി പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബിജെപി എംഎല്‍എ സോമശേഖര റെഡ്ഡിക്കെതിരെ പരാതി നല്‍കാനെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com