പുതിയ പോര്‍മുഖം തുറന്ന് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ഫെബ്രുവരി എട്ടിന്, ഫലം 11ന് 

ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുകയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസര്‍ സുനില്‍ അറോറ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു
സുനില്‍ അറോറ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുന്നു/എഎന്‍ഐ, ട്വിറ്റര്‍
സുനില്‍ അറോറ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുന്നു/എഎന്‍ഐ, ട്വിറ്റര്‍

ന്യൂഡല്‍ഹി: രാജ്യമെങ്ങും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം തുടരുന്നതിനിടെ പുതിയ രാഷ്ട്രീയ പോരാട്ടത്തിനു പോര്‍മുഖം തുറന്ന് ഫെബ്രുവരി എട്ടിന് ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. ഫെബ്രുവരി 11നാണ് വോട്ടെണ്ണല്‍. 

ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുകയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസര്‍ സുനില്‍ അറോറ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 21 നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. കേന്ദ്ര ബജറ്റില്‍ ഡല്‍ഹിയിക്കായുള്ള പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ പാടില്ലെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു.

1.46 കോടി വോട്ടര്‍മാരാണ് ഡല്‍ഹിയില്‍ ഉള്ളത്. ഒഴിവാക്കാന്‍ പറ്റാത്ത കാരണങ്ങള്‍ കൊണ്ടോ ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ടോ വോട്ട് ചെയ്യാന്‍ ഹാജരാകാന്‍ സാധിക്കാത്തവര്‍ക്ക് പുതു സംവിധാനം ഒരുക്കുന്നു എന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിനുണ്ട്. ആബ്‌സന്റീ വോട്ടേഴ്‌സ് എന്ന സംവിധാനമാണ് ഡല്‍ഹി നിയമസഭ തിരഞ്ഞടുപ്പില്‍ പുതുതായി പരിചയപ്പെടുത്തുന്നത്. 80 വയസ്സ് കഴിഞ്ഞവര്‍ക്ക് പോസ്റ്റല്‍ വോട്ട് വഴി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യവുമൊരുക്കും.

നിലവിലെ നിയമസഭയുടെ കാലാവധി ഫെബ്രുവരി 22നാണ് അവസാനിക്കുന്നത്.  2015ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റുകളും ആംആദ്മി പാര്‍ട്ടി തൂത്തുവാരിയിരുന്നു. മൂന്നു സീറ്റില്‍ ബിജെപി ജയിച്ചു. കോണ്‍ഗ്രസിന് അക്കൗണ്ട് തുറക്കാന്‍ പോലും ആയില്ല. 

2019ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള ഏഴ് സീറ്റും നേടി ബിജെപി ശക്തമായ തിരിച്ചു വരവ് നടത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com