അറിവ് നിഷേധിക്കുന്നവര്‍ സരസ്വതി ദേവിയുടെ ശത്രുക്കള്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 'തിങ്ക് എഡ്യു' കോണ്‍ക്ലേവില്‍

യൂറോപ്യന്‍ നവോത്ഥാനത്തിന് മുന്‍പ് തന്നെ ഇന്ത്യയുടെ മൂല്യങ്ങള്‍ ലോകത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്
തിങ്ക് എഡ്യു കോണ്‍ക്ലേവില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസാരിക്കുന്നു
തിങ്ക് എഡ്യു കോണ്‍ക്ലേവില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസാരിക്കുന്നു

ചെന്നൈ: മറ്റുളളവര്‍ക്ക് അറിവ് നിഷേധിക്കുന്നവര്‍ സരസ്വതി ദേവിയുടെ ശത്രുക്കളാണെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അറിവ് നേടുന്നതില്‍ മാത്രം ഒരാളുടെ ദൗത്യം തീരുന്നില്ല. അറിവ് തേടുന്നവര്‍ക്ക് അത് പറഞ്ഞ് കൊടുക്കുമ്പോഴാണ് അത് പൂര്‍ണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ചെന്നൈയില്‍ സംഘടിപ്പിക്കുന്ന തിങ്ക് എഡ്യു കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

വിജ്ഞാനത്തിന്റെ കേന്ദ്രമാണ് ഇന്ത്യ. യൂറോപ്യന്‍ നവോത്ഥാനത്തിന് മുന്‍പ് തന്നെ ഇന്ത്യയുടെ മൂല്യങ്ങള്‍ ലോകത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സംസ്‌കാരത്തിന്റെ പേരിലാണ് ഇറാന്‍ അറിയപ്പെടുന്നത്. ധീരതയുടെ പേരില്‍ റോമും അനുസരണയുടെ പേരില്‍ ചൈനയും അറിയപ്പെടുന്നു. എന്നാല്‍ ചരിത്രരേഖകളില്‍ ഇന്ത്യയെ രേഖപ്പെടുത്തിയിരിക്കുന്നത് അറിവിന്റെ പേരിലാണെന്നും ഗവര്‍ണര്‍ പറയുന്നു.

'അറിവിന്റെ കേന്ദ്രമായി അറിയപ്പെടുമ്പോഴും ഇതിനെ കുത്തകവത്കരിക്കാന്‍ നമ്മള്‍ ശ്രമിക്കരുതെന്നാണ് വിവേകാനന്ദന്‍ പറഞ്ഞത്. അറിവിനെ ആരാധിക്കുന്നവരാണ് നമ്മള്‍. അതുകൊണ്ട് മറ്റുളളവര്‍ക്ക് ഇത് പകര്‍ന്നു കൊടുക്കുന്നതില്‍ തടസ്സം നില്‍ക്കരുത്'- ഗവര്‍ണര്‍ പറഞ്ഞു. അറിവ് മറ്റുളളവര്‍ക്ക് നിഷേധിക്കരുത്. അങ്ങനെ ചെയ്യുന്നവര്‍ സരസ്വതി ദേവിയുടെ ശത്രുക്കളായി തീരുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

നളന്ദ പോലുളള സ്ഥാപനങ്ങള്‍ എല്ലാവരെയും ഉള്‍ക്കൊളളുന്ന പാരമ്പര്യം പേറിയതായി ഇന്ത്യന്‍ ചരിത്രം പറയുന്നു. 'ഒരു കര്‍ഷകന്‍ ഒരു ഇനത്തില്‍പ്പെട്ട മാങ്ങ മാത്രമാണ് വര്‍ഷങ്ങളോളം കൃഷി ചെയ്തത്. ഇതിലൂടെ നല്ലനിലയില്‍ കര്‍ഷകന് പണം സമ്പാദിക്കാനായി. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ മാവുകള്‍ എല്ലാം നശിച്ചു പോയി. അതോടെ എങ്ങനെ ജീവിക്കുമെന്ന ആശങ്കയായി. അതുകൊണ്ട് കൂടുതല്‍ പുരോഗമനവാദിയാകാന്‍ വൈവിധ്യമാര്‍ന്ന പഠനത്തിന് തയ്യാറാകണം' - ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com