നിര്‍ഭയ കേസിലെ തിരുത്തല്‍ ഹര്‍ജി 14ന് അഞ്ച് അംഗ ബെഞ്ച് പരിഗണിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th January 2020 02:50 PM  |  

Last Updated: 11th January 2020 02:50 PM  |   A+A-   |  

nirbhaya

 

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടരില്‍ രണ്ടു പേരുടെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി ഈ മാസം 14ന് പരിഗണിക്കും. അഞ്ചംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ജസ്റ്റിസുമാരായ എന്‍വി രമണ, അരുണ്‍ മിശ്ര, ആര്‍എഫ് നരിമാന്‍, ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്. നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട വിനയ് കുമാര്‍ ശര്‍മ, മുകേഷ് കുമാര്‍ എന്നിവരാണ് തിരുത്തല്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്. 

പതിനാലിന് ഉച്ചയ്ക്ക് 1.45ന് ചേംബറില്‍ ആയിരിക്കും തിരുത്തല്‍ ഹര്‍ജി പരിഗണിക്കുക. ചൊവ്വാഴ്ചയാണ് ഇരുവരും തിരുത്തല്‍ ഹര്‍ജി നല്‍കിയത്.

നിര്‍ഭയ കേസില്‍ ശിക്ഷിക്കപ്പെട്ട മറ്റു രണ്ടു പ്രതികളായ അക്ഷയ് കുമാര്‍ സിങ്, പവന്‍ ഗുപ്ത എന്നിവര്‍ തിരുത്തല്‍ ഹര്‍ജി നല്‍കിയിട്ടില്ല. നാലു  പേര്‍ക്കും ഡല്‍ഹി കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് അനുസരിച്ച് 22ന് രാവിലെ ഏഴു മണിക്ക് ഇവരെ തൂക്കിലേറ്റും.

ആറു പേരാണ് നിര്‍ഭയ കൂട്ട ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ടത്. ഇതില്‍ രാം സിങ് തിഹാര്‍ ജയിലില്‍ തൂങ്ങിമരിച്ചിരുന്നു. പ്രായപൂര്‍ത്തിയാവാത്ത ഒരാളെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ശിക്ഷിച്ചെങ്കിലും മൂന്നു വര്‍ഷത്തിനു ശേഷം മോചിപ്പിച്ചു.