ജെഎന്‍യു ആക്രമണത്തിന്റെ സൂത്രധാരന്‍ വിസി തന്നെ; കോണ്‍ഗ്രസ് റിപ്പോര്‍ട്ട്

ജെഎന്‍യു സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് നേരെ ജനുവരി അഞ്ചിനുണ്ടായ ആക്രമണത്തിനുപിന്നിലെ സൂത്രധാരന്‍ വൈസ് ചാന്‍സിലര്‍ ജഗദീഷ് എം കുമാറാണെന്ന് കോണ്‍ഗ്രസ് വസ്തുതാന്വേഷണ സമിതി
ജെഎന്‍യു ആക്രമണത്തിന്റെ സൂത്രധാരന്‍ വിസി തന്നെ; കോണ്‍ഗ്രസ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ജെഎന്‍യു സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് നേരെ ജനുവരി അഞ്ചിനുണ്ടായ ആക്രമണത്തിനുപിന്നിലെ സൂത്രധാരന്‍ വൈസ് ചാന്‍സിലര്‍ ജഗദീഷ് എം കുമാറാണെന്ന് കോണ്‍ഗ്രസ് വസ്തുതാന്വേഷണ സമിതി. വിസിയെ ഉടന്‍ മാറ്റണമെന്നും സമിതി ആവശ്യപ്പെട്ടു. 

അക്രമത്തില്‍ വിസിയുടെ മൗനാനുവാദവും പങ്കാളിത്തവും വ്യക്തമാക്കുന്നതാണ് അക്രമ സംഭവത്തിനു ശേഷം വിസിയുടെ ഭാഗത്തുനിന്നുണ്ടായ നടപടികള്‍. അക്രമികളുമായി ഗൂഢാലോചന നടത്തിയതിനും അക്രമം അഴിച്ചുവിട്ടതിനും വിസിക്കെതിരെ ക്രിമിനല്‍ അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. അക്രമത്തോട് നിസ്സംഗത പുലര്‍ത്തിയ ഡല്‍ഹി പൊലീസ്  ഉത്തരം പറയണം. ഡല്‍ഹി പൊലീസ് അക്രമികളെ കാമ്പസിനകത്ത് സൈ്വരവിഹാരം നടത്താന്‍ അനുവദിച്ചതായും റിപ്പോര്‍ട്ടില്‍ ആരോപണമുണ്ട്.

വിദ്യാര്‍ഥികളെയും അധ്യാപകരെയും ഭയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ മുന്‍കൂട്ടി തീരുമാനിച്ച പ്രകാരമാണ് എല്ലാം നടന്നത്. ആയുധദാരികളായ അക്രമികളെ ക്യാമ്പസിനകത്തേക്ക് മനപ്പൂര്‍വം കടത്തിവിട്ടതാണ്. വൈകുന്നേരം 4.30ന് പൊലീസിനെ വിളിച്ചതായാണ് ജെഎന്‍യു അധികൃതര്‍ പറഞ്ഞത്. എന്നാല്‍ രാത്രി 7.45നാണ് തങ്ങളെ കാമ്പസിനകത്തേക്ക് കടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ തമ്പടിച്ചിരുന്നിടത്തുനിന്നും ദൂരെ മാറിയാണ് അക്രമം ഉണ്ടായതെന്നും ഡല്‍ഹി പൊലീസിന്റെ ആദ്യ പ്രസ്താവനയില്‍ പറയുന്നുണ്ട്. എന്നാല്‍ യൂണിയന്‍ അംഗമായ സാകേത് മൂണ്‍ എന്ന വിദ്യാര്‍ഥി ഒരു മാധ്യമത്തോട് പറഞ്ഞത് ഉച്ച മുതല്‍ പൊലീസ് കാമ്പസിനകത്ത് ഉണ്ടായിരുന്നുവെന്നും അവര്‍ ഒന്നും ചെയ്തില്ലെന്നുമാണ്.- റിപ്പോര്‍ട്ടില്‍ പറയുന്നു.

അക്രമത്തില്‍ വിമര്‍ശിക്കപ്പെട്ട ഡല്‍ഹി പോലീസ് നിരവധി എഫ് ഐ ആറുകള്‍ ഫയല്‍ ചെയ്തു. എന്നാല്‍ അതില്‍ ഒന്നുമാത്രമാണ് ജനുവരി അഞ്ചിന് വൈകീട്ടുണ്ടായ അക്രമവുമായി ബന്ധപ്പെട്ടുള്ളത്. ആ കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടുമില്ല. 

സെര്‍വര്‍ റൂം ആക്രമിച്ചു എന്ന വാദത്തിലും കോണ്‍ഗ്രസ് റിപ്പോര്‍ട്ട് സംശയം പ്രകടിപ്പിക്കുന്നുണ്ട്. സെര്‍വര്‍ റൂം തകര്‍ക്കപ്പെട്ടത് വിസി പ്രയോജനപ്പെടുത്തുകയും ചെയ്തു. കാമ്പസിനകത്ത് കയറി അതിക്രമം നടത്തിയവരെ സിസിടിവിയില്‍ പതിയാതെ സംരക്ഷിക്കാന്‍ ഇതുമൂലം സാധിച്ചെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു. 

അതേസമയം, സംഭവിക്കേണ്ടതെല്ലാം സംഭവിച്ചുകഴിഞ്ഞുവെന്നും അക്കാദമിക് നടപടികളിലേക്ക് മടങ്ങിപ്പോകേണ്ടതുണ്ടെന്നും വിസി പ്രതികരിച്ചു. സംഭവിക്കേണ്ടതെല്ലാം സംഭവിച്ചു. കഴിഞ്ഞത് ഇവിടെ ഉപേക്ഷിക്കാം. ആരെയും കുറ്റപ്പെടുത്താനോ ആര്‍ക്ക് നേരെയും വിരല്‍ ചൂണ്ടാനും ശ്രമിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ടുപോകണം എന്ന് ഉറപ്പുവരുത്തുക എന്നതിനാണ് പരിഗണന. നമുക്ക് മുന്നോട്ടുപോകാം വിസി കൂട്ടിച്ചേര്‍ത്തു. ചില അധ്യാപകരുടെ പിന്തുണയുള്ള 'ആക്ടിവിസ്റ്റ് വിദ്യാര്‍ത്ഥികളാണ്' ജെഎന്‍യു അക്രമത്തിന് പിന്നിലെന്ന് കഴിഞ്ഞ ദിവസം വിസി ആരോപിച്ചിരുന്നു.

സര്‍വകലാശാലയിലെ പ്രശ്‌നങ്ങള്‍ എത്രയും വേഗം തീര്‍ക്കണമെന്നും വിദ്യാര്‍ത്ഥികളോട് കൂടുതല്‍ അടുത്തിടപഴകണമെന്നും കേന്ദ്രസര്‍ക്കാര്‍ വിസിയോട് നിര്‍ദേശിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com