ഐഷിയെ ചോദ്യം ചെയ്ത് ഡല്‍ഹി പൊലീസ്; വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ഒരുവര്‍ഷം നഷ്ടമാകുമെന്ന് വിസി

ജെഎന്‍യുവില്‍ ജനുവരി അഞ്ചിന് നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തു.
ഐഷിയെ ചോദ്യം ചെയ്ത് ഡല്‍ഹി പൊലീസ്; വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ഒരുവര്‍ഷം നഷ്ടമാകുമെന്ന് വിസി

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ ജനുവരി അഞ്ചിന് നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തു. ക്യാമ്പസിനുള്ളില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍.  അക്രമസംഭവങ്ങളില്‍ ഐഷിക്ക് എതിരെയും പൊലീസ് കേസെടുത്തിരുന്നു. 

അക്രമം അഴിച്ചുവിട്ടവരുടെ പട്ടികയില്‍ ഐഷിയും വിദ്യാര്‍ത്ഥി യൂണിയന്റെ മറ്റു നേതാക്കളും ഉണ്ടെന്ന് കാട്ടി കഴിഞ്ഞ ദിവസം ചിത്രങ്ങള്‍ പുറത്തുവിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഐഷിയെ ചോദ്യം ചെയ്യാന്‍ പൊലീസ് സംഘം ക്യാമ്പസിലെത്തിയത്. 

അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് ഐഷി വ്യക്തമാക്കി. പൊലീസ് സംഘം എത്തുമെന്ന് അറിയിച്ചിരുന്നതിനാല്‍ ജെഎന്‍യു യൂണിയന്‍ ഇന്ന് നടത്താനിരുന്ന പ്രതിഷേധ പരിപാടികള്‍ മാറ്റിവച്ചിരുന്നു. 

അതേസമയം, വിന്റര്‍ സെമസ്റ്റര്‍ ആരംഭിച്ചപ്പോള്‍ അമ്പത് ശതമാനത്തിലേറെ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ ഫീസുകള്‍ അടക്കുകയും രജിസ്‌ട്രേഷന്‍ നത്തുകയും ചെയ്തുവെന്ന് വിസി എം ജഗ്ദീഷ് കുമാര്‍ പറഞ്ഞു. ക്ലാസുകള്‍ ആരംഭിച്ചു. ഇനി രജിസ്റ്റര്‍ ചെയ്യാന്‍ ബാക്കിയുള്ള വിദ്യാര്‍ത്ഥികള്‍ ഉടനെ നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അവരുടെ ഒരു അക്കാദമിക് വര്‍ഷം നഷ്ടമാകുമെന്നും വിസി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com