'നാടുകടത്തുന്നെങ്കില്‍ വിവേചനമില്ലാത്ത രാജ്യത്തേക്ക് വേണം'; പൗരത്വ നിയമത്തില്‍ രാഷ്ട്രപതിക്ക് ഉന സഹോദരന്മാരുടെ കത്ത്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th January 2020 06:08 PM  |  

Last Updated: 13th January 2020 06:08 PM  |   A+A-   |  

una_case_victims

 

ന്യൂഡല്‍ഹി: പൗരത്വ നിയമം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുമ്പോള്‍ രാഷ്ട്രപതിക്ക് ഉനയില്‍ ആക്രമണത്തിന് ഇരയായ ദളിത് സഹോദരന്മാരുടെ കത്ത്. നാടുകടത്തുകയാണ് എങ്കില്‍ വിവേചനം അനുഭവിക്കേണ്ടാത്ത ഏതെങ്കിലും ഒരു രാജ്യത്തേക്ക് തങ്ങളെ പറഞ്ഞു വിടണം എന്നാണ് കത്തില്‍ ഇവര്‍ ആവശ്യപ്പെടുന്നത്. 

2016 ജൂലൈയില്‍ പശുവിനെ കൊന്നെന്ന് ആരോപിച്ച് ഗോ രക്ഷക് പ്രവര്‍ത്തകര്‍ അര്‍ദ്ധ നഗ്നരാക്കി കെട്ടിയിട്ട് ഇവരെ മര്‍ദ്ദിക്കുകയായിരുന്നു. ഉനയിലെ ഗിര്‍ സോംനാഥ് ജില്ലാ കളക്ടറേറ്റിലാണ് ഉന സഹോദരങ്ങളില്‍ ഒരാളായ വശ്രം സര്‍വയ്യ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് സമര്‍പ്പിക്കാനുള്ള അപേക്ഷ നല്‍കിയത്. 

ഇന്ത്യന്‍ പൗരന്മാരായി ഞങ്ങളെ ആരും പരിഗണിക്കാന്‍ പോവുന്നില്ല. പൗരത്വ നിയമത്തിലൂടെ തങ്ങളെ നാടുകടത്തുകയാണ് എങ്കില്‍ വിവേചനം അനുഭവിക്കേണ്ട സാഹചര്യമില്ലാത്ത ഒരിടത്തേക്ക് തങ്ങളെ പറഞ്ഞയക്കണം എന്ന് രാഷ്ട്രപതിക്കുള്ള കത്തില്‍ വശ്രം സര്‍വയ്യ പറയുന്നു. ഗോ സംരക്ഷര്‍ എന്ന് അവകാശപ്പെടുന്നവരുടെ ശല്യം കാരണം പരമ്പരാഗത തൊഴില്‍ ചെയ്യാനാവുന്നില്ല. സര്‍ക്കാര്‍ കൃഷിചെയ്യാന്‍ ഭൂമിയും, വീടുമെല്ലാം വാഗ്ദാനം ചെയ്‌തെങ്കിലും ഒരു സഹായവും ലഭിച്ചില്ലെന്നും ഇവര്‍ പറയുന്നു.