''ഭീഷണി ഇങ്ങോട്ടു വേണ്ട'' ; സമുദായ നേതാവിനോട് പരസ്യമായി കൊമ്പുകോര്‍ത്ത് യെഡിയൂരപ്പ; രാജി വയ്ക്കാന്‍ തയ്യാറെന്ന് പ്രഖ്യാപനം

മന്ത്രിമാരായിരുന്നവര്‍ ഉള്‍പ്പപ്പെടെ പതിനേഴ് എംഎല്‍എമാര്‍ ചെയ്ത ത്യാഗത്തിന്റെ ഫലമായാണ് താന്‍ മുഖ്യമന്ത്രിയായത്
എഎന്‍ഐ
എഎന്‍ഐ


ബംഗളൂരു: സമുദായം നിര്‍ദേശിക്കുന്നയാളെ മന്ത്രിയാക്കിയില്ലെങ്കില്‍ അനുഭവിക്കേണ്ടി വരുമെന്നു ഭീഷണി മുഴക്കിയ സമുദായ നേതാവിനോട് പൊതുവേദിയില്‍ പരസ്യമായി കൊമ്പു കോര്‍ത്ത് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ. ഭീഷണി വേണ്ടെന്ന് നേതാവിനെ ഓര്‍മിപ്പിച്ച യെഡിയൂരപ്പ താന്‍ രാജിവച്ചുപോവാന്‍ തയാറാണെന്നും വേദിയില്‍ പറഞ്ഞു.

പഞ്ചമശാലി ലിംഗായത്ത് വിഭാഗം സംഘടിപ്പിച്ച പരിപാടിയിലാണ് സമുദായ നേതാവുമായി യെഡിയൂരപ്പ ഇടഞ്ഞത്. ആയിരക്കണക്കിനു പേര്‍ പരിപാടി കാണാനെത്തിയിരുന്നു. സമുദായത്തില്‍നിന്നുള്ള എംഎല്‍എയായ മുരുകേഷ് നിരാനിയെ മന്ത്രിയാക്കണമെന്ന് പ്രസംഗത്തിനിടെ നേതാവ് സ്വ്ാമി വചനാനന്ദ് ആവശ്യപ്പെട്ടു. ''മുരുകേഷ് നിരാനി താങ്കളോടൊപ്പം പാറപോലെ ഉറച്ചുനിന്നയാളാണ്. അദ്ദേഹത്തെ മന്ത്രിസഭയില്‍ എടുക്കൂ. അല്ലാത്തപക്ഷം പഞ്ചമശാലി ലിംഗിയാത്തുകള്‍ നിങ്ങള്‍ക്കുള്ള പിന്തുണ പിന്‍വലിക്കും.'' - സ്വാമി പറഞ്ഞു.

ഇതു കേട്ടയുടന്‍ എഴുന്നേറ്റ യെഡിയൂരപ്പ സ്വാമിയുമായി പരസ്യമായി കൊമ്പു കോര്‍ക്കുകയായിരുന്നു. ''ഭീഷണി ഇങ്ങോട്ടു വേണ്ട, താങ്കള്‍ക്ക് എന്നെ ഉപദേശിക്കാം, ഭീഷണിപ്പെടുത്താനാവില്ല'' - യെഡിയൂരപ്പ പറഞ്ഞു. ഇതിനിടെ വേദിയിലുണ്ടായിരുന്ന മറ്റുള്ളവര്‍ മുഖ്യമന്ത്രിയയെ അനുനയിപ്പിക്കാനെത്തി.

പിന്നീട് പ്രസംഗത്തില്‍ ഇക്കാര്യം യെഡിയൂരപ്പ വിശദീകരിക്കുകയും ചെയ്തു. ''മന്ത്രിമാരായിരുന്നവര്‍ ഉള്‍പ്പപ്പെടെ പതിനേഴ് എംഎല്‍എമാര്‍ ചെയ്ത ത്യാഗത്തിന്റെ ഫലമായാണ് താന്‍ മുഖ്യമന്ത്രിയായത്. അവര്‍ ഇപ്പോള്‍ വനവാസത്തിലാണ്. ഒന്നുകില്‍ കാലാവധി പൂര്‍ത്തീകരിക്കാന്‍ നിങ്ങള്‍ എന്നോടു സഹകരിക്കുക, അല്ലാത്തപക്ഷം ഞാന്‍ രാജിവച്ചു പോവാം. എനിക്ക് അധികാരത്തോട് ആര്‍ത്തിയില്ല'' -യെഡിയൂരപ്പ പറഞ്ഞു.

കോണ്‍ഗ്രസില്‍നിന്നു ജനതാ ദളില്‍നിന്നും കൂറുമാറി എത്തിയവരില്‍ ഉപതെരഞ്ഞെടുപ്പു ജയിച്ച എല്ലാവര്‍ക്കും മന്ത്രിസ്ഥാനം 
നല്‍കാമെന്ന് യെഡിയൂരപ്പ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന് ബിജെപി കേന്ദ്ര നേതൃത്വം പച്ചക്കൊടി കാട്ടിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുമൂലം മന്ത്രിസഭാ വികസനം നീണ്ടുപോവുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com