തലയിലും മുഖത്തും വെടിയുണ്ടയുമായി ഏഴു കിലോമീറ്റര്‍ വണ്ടിയോടിച്ച് സ്ത്രീ പൊലീസ് സ്റ്റേഷനില്‍ ; സഹോദരനും മകനുമെതിരെ പരാതി

മുമ്പും ഹരിന്ദറും മകനും ചേര്‍ന്ന് തന്നെ വധിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും സുമീത് ആരോപിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചണ്ഡീഗഢ്: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സ്ത്രീക്ക് നേരെ സഹോദരനും അദ്ദേഹത്തിന്റെ മകനും ചേര്‍ന്ന് വെടിയുതിര്‍ത്തു. തലയിലും മുഖത്തും വെടിയേറ്റ സ്ത്രീ വെടിയുണ്ടയുമായി, സഹോദരനും മകനുമെതിരെ പരാതി നല്‍കാന്‍ ഏഴു കിലോമീറ്ററോളം വാഹനം ഓടിച്ച് പൊലീസ് സ്റ്റേഷനിലെത്തി.

പഞ്ചാബിലെ മുക്ത്‌സര്‍ ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. സുമിത് കൗര്‍ എന്ന 42 കാരിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഭൂമിയെച്ചൊല്ലിയുള്ള തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. ആക്രമണത്തില്‍ സുമീതിന്റെ തലയില്‍ രണ്ട് വെടിയുണ്ടകളും മുഖത്ത് ഒരു വെടിയുണ്ടയുമാണ് തറച്ചത്.

വെടിവെപ്പില്‍ സുമീതിന്റെ അമ്മ സുഖ്ബിന്ദറിനും പരിക്കേറ്റിരുന്നു. അമ്മ സുഖ്ബിന്ദറിന് ഒപ്പമാണ് സുമീത് സ്‌റ്റേഷനിലെത്തിയത്. തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുമീതിന്റെ തലയിലെയും മുഖത്തെയും വെടിയുണ്ടകള്‍ നീക്കം ചെയ്തു.  

സഹോദരന്‍ ഹരിന്ദര്‍ സിങ്ങും അദ്ദേഹത്തിന്റെ കൗമാരക്കാരനായ മകനും ചേര്‍ന്ന് തനിക്കും അമ്മയ്ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സുമീത് പരാതിയില്‍ വ്യക്തമാക്കുന്നു. അച്ഛന്റെ മരണശേഷം, തനിക്കും അമ്മയ്ക്കും 16 ഏക്കര്‍ ഭൂമി ലഭിച്ചു. ഈ ഭൂമി കൈക്കലാക്കാന്‍ ഹരിന്ദര്‍ ശ്രമിക്കുകയാണെന്ന് സുമന്‍ജീത്ത് ആരോപിച്ചു.

മുമ്പും ഹരിന്ദറും മകനും ചേര്‍ന്ന് തന്നെ വധിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും സുമീത് ആരോപിച്ചു. സുമീതിനു നേരെ വെടിയുതിര്‍ത്ത അനന്തരവന്‍ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്. സംഭവത്തില്‍ പൊലീസ് സുമീതിന്റെ സഹോദരനും മകനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com