'മോദി കഠിനാധ്വാനി, യൂറോപ്പില്‍ ഉല്ലാസത്തിനു പോവാത്തയാള്‍; രാഹുലിന് അയാളെ തോല്‍പ്പിക്കാനാവില്ല'

2024ലും രാഹുല്‍ ഗാന്ധിയെ വിജയിപ്പിച്ച് തെറ്റ് ആവര്‍ത്തിക്കുകയാണെങ്കില്‍ നരേന്ദ്ര മോദിക്കു നേട്ടമുണ്ടാക്കിക്കൊടുക്കുകയായിരിക്കും മലയാളികള്‍ ചെയ്യുന്നത്
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ രാമചന്ദ്ര ഗുഹ സംസാരിക്കുന്നു/മനു ആര്‍ മാവേലില്‍
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ രാമചന്ദ്ര ഗുഹ സംസാരിക്കുന്നു/മനു ആര്‍ മാവേലില്‍

കോഴിക്കോട്: കുടുംബ വാഴ്ചയിലെ അഞ്ചാം തലമുറക്കാരനായ രാഹുല്‍ ഗാന്ധിയെ ഇന്നത്തെ ഇന്ത്യയ്ക്ക് ആവശ്യമില്ലെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. രാഹുല്‍ ഗാന്ധിയെ വിജയിപ്പിച്ചത് കേരളം ചെയ്ത അബദ്ധമാണെന്ന് ഗുഹ വിമര്‍ശിച്ചു. 

''വ്യക്തിപരമായി രാഹുല്‍ ഗാന്ധിയോട് എനിക്ക് എതിര്‍പ്പൊന്നുമില്ല. അയാള്‍ മാന്യനാണ്, നന്നായി പെരുമാറുന്ന ആളുമാണ്. പക്ഷേ ഇന്നത്തെ ഇന്ത്യയ്ക്ക് കുടുംബവാഴ്ചയിലെ അഞ്ചാം തലമുറക്കാരനെ ആവശ്യമില്ല'' - കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ രാമചന്ദ്ര ഗുഹ പറഞ്ഞു.

''ഇന്ത്യയ്ക്കു വേണ്ടി പല വിസ്മകരമായ കാര്യങ്ങളും ചെയ്തവരാണ് മലയാളികള്‍. എന്നാല്‍ നിങ്ങള്‍ ചെയ്ത ഏറ്റവും വലിയ അബദ്ധം രാഹുല്‍ ഗാന്ധിയെ വിജയിപ്പിച്ചതാണ്. 2024ലും രാഹുല്‍ ഗാന്ധിയെ വിജയിപ്പിച്ച് തെറ്റ് ആവര്‍ത്തിക്കുകയാണെങ്കില്‍ നരേന്ദ്ര മോദിക്കു നേട്ടമുണ്ടാക്കിക്കൊടുക്കുകയായിരിക്കും മലയാളികള്‍ ചെയ്യുന്നത്.'' - ഗുഹ പറഞ്ഞു. 

'' മോദി രാഹുല്‍ ഗാന്ധിയല്ല എന്നതു തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഗുണം. പതിനഞ്ചു വര്‍ഷം അയാള്‍ ഒരു സംസ്ഥാനം ഭരിച്ചു, ഭരണപരിചയമുണ്ട്, കഠിനാധ്വാനിയുമാണ്. അയാള്‍ ഇടയ്ക്കിടെ യൂറോപ്പില്‍ ഉല്ലാസത്തിനു പോവുന്നില്ല. ഗൗരവത്തോടെ തന്നെയാണ് താനിതു പറയുന്നതെന്ന് ഗുഹ വ്യക്തമാക്കി. 

രാഹുല്‍ ഗാന്ധി കുറേക്കൂടി ബുദ്ധിമാനും കഠിനാധ്വാനിയും ഇടയ്ക്കിടെ ഉല്ലാസത്തിനു പോവാത്ത ആളുമായിരുന്നെങ്കില്‍പോലും കുടുംബവാഴ്ചയിലൂടെ വന്ന അദ്ദേഹത്തിന് മോദിക്കു മേല്‍ നേട്ടമുണ്ടാക്കാനാവില്ലെന്ന് ഗുഹ അഭിപ്രായപ്പെട്ടു. 

സോണിയ ഗാന്ധിക്കെതിരെയും ഗുഹ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. സ്വന്തം രാജ്യത്തിന്റെ സ്ഥിതി അറിയാത്ത മുഗള്‍ ഭരണാധികാരിയെകളെയാണ് സോണിയ ഓര്‍മിപ്പിക്കുന്നത്. ഇന്ത്യ കൂടുതല്‍ ജനാധിപത്യമുള്ള നാടായി മാറിയിരിക്കുന്നു. പ്രഭുത്വമല്ല ഇപ്പോള്‍ ഇവിടെയുള്ളത്. ഗാന്ധി കുടുംബത്തില്‍ ഉള്ളവര്‍ മാത്രം ഇത് അറിയുന്നില്ല- ഗുഹ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com