ഗാന്ധിജിയുടെ സന്ദേശമായ അഹിംസ യുവാക്കള്‍ മറക്കരുത്: രാഷ്ട്രപതി 

ഗാന്ധിജിയുടെ സന്ദേശമായ അഹിംസ യുവജനങ്ങള്‍ മറക്കരുതെന്ന് ഓര്‍മ്മിപ്പിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്
ഗാന്ധിജിയുടെ സന്ദേശമായ അഹിംസ യുവാക്കള്‍ മറക്കരുത്: രാഷ്ട്രപതി 

ന്യൂഡല്‍ഹി: ഗാന്ധിജിയുടെ സന്ദേശമായ അഹിംസ യുവജനങ്ങള്‍ മറക്കരുതെന്ന് ഓര്‍മ്മിപ്പിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഭരണഘടന അനുസരിച്ച് നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നി അടിസ്ഥാന ജനാധിപത്യ ആശയങ്ങളുടെ ഉത്തരവാദിത്വം ഓരോ പൗരനുമുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യമെന്ന നിലയില്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഭരണഘടന അവകാശങ്ങള്‍ നല്‍കുന്നുണ്ട്. ഭരണഘടനാ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് ജനാധിപത്യത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളായ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ കാത്തുസൂക്ഷിക്കാന്‍ എല്ലാ ഇന്ത്യന്‍ പൗരന്മാരും ബാധ്യസ്ഥരാണെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

ഒരു ലക്ഷ്യത്തിനായി പോരാടുമ്പോള്‍ എല്ലാവരും, പ്രത്യേകിച്ച് യുവാക്കള്‍ മനുഷ്യരാശിക്ക് നമ്മുടെ രാഷ്ട്രപിതാവ് നല്‍കിയ അഹിംസയുടെ സന്ദേശം മറക്കരുത്. അദ്ദേഹത്തിന്റെ ജീവിത മൂല്യങ്ങള്‍ ഓര്‍ത്താല്‍ ഭരണഘടനാ ആശയങ്ങള്‍ പിന്തുടരാന്‍ എളുപ്പം സാധിക്കുന്നതാണെന്നും  രാഷ്ട്രപതി പറഞ്ഞു.

ജമ്മുകശ്മീര്‍, ലഡാക്ക്, തുടങ്ങി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപുകളിലും സമഗ്രവികസനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിരന്തരമായ ശ്രമം നടത്തുന്നു. വിദ്യാഭ്യാസമേഖലയില്‍ രാജ്യത്തിന്റെ നേട്ടങ്ങള്‍ ശ്രദ്ധേയമാണ്. രാജ്യത്തെ ഓരോ കുട്ടിക്കും വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള പരിശ്രമങ്ങള്‍ നടക്കുന്നുണ്ട്. രാഷ്ട്രീയപരമായ ആശയങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ രാജ്യത്തിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും ഉറപ്പാക്കാന്‍ സര്‍ക്കാറും പ്രതിപക്ഷവും ശ്രമിക്കണമെന്നും രാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com