കനാലില്‍ വീണ അജ്ഞാത മൃതദേഹം കുട്ടികളെ കൊണ്ടു എടുപ്പിച്ചു; മേല്‍നോട്ടം പൊലീസ്; വിവാദം (വീഡിയോ)

കനാലില്‍ വീണ അജ്ഞാത മൃതദേഹം കുട്ടികളെ കൊണ്ടു എടുപ്പിച്ചു; മേല്‍നോട്ടം പൊലീസ്; വിവാദം (വീഡിയോ)
കനാലില്‍ വീണ അജ്ഞാത മൃതദേഹം കുട്ടികളെ കൊണ്ടു എടുപ്പിച്ചു; മേല്‍നോട്ടം പൊലീസ്; വിവാദം (വീഡിയോ)

ലഖ്‌നൗ: കുട്ടികളെ ഉപയോഗിച്ച് കനാലില്‍ നിന്ന് മൃതദേഹം എടുപ്പിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ നടപടി വിവാദത്തില്‍. കനാലില്‍ കിടന്ന അജ്ഞാത മൃതദേഹമാണ് സബ് ഇന്‍സ്‌പെക്ടറും ഒരു കോണ്‍സ്റ്റബിളും ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെക്കൊണ്ടും എടുപ്പിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസുകാര്‍ പെട്ടത്. സംഭവത്തെ തുടര്‍ന്ന് പൊലീസുകാര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു.

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. വാലിപുര്‍- ഗംഗ കനാലിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് നാല് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മൃതദേഹം എടുപ്പിക്കുകയായിരുന്നു. കുട്ടികള്‍ വലിയ വടിയുപയോഗിച്ച് മൃതദേഹം കരയ്ക്കടുപ്പിക്കുന്നത് വീഡിയോയില്‍ കാണാം. തൊട്ടരികില്‍ തന്നെ പൊലീസുകാര്‍ നില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. കൊട്‌വലി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ എസ്‌ഐ രാം നരേഷ്, കോണ്‍സ്റ്റബിള്‍ മഹാബിര്‍ എന്നിവരാണ് ആരോപണ വിധേയര്‍.

ഇരു ഉദ്യോഗസ്ഥരുടേയും സമീപനം ശരിയായില്ലെന്ന് പൊലീസ് സൂപ്രണ്ട് സന്തോഷ് സിങ് പ്രതികരിച്ചു. പൊലീസ് സേനയ്ക്ക് മുഴുവന്‍ അപമാനമാണ് ഇരുവരുടേയും പ്രവൃത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വീഡിയോയില്‍ വ്യക്തമാണെന്നും സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com