തലയറുത്തുമാറ്റി; കാല്‍വിരലുകള്‍ മുറിച്ചുമാറ്റി, തലങ്ങും വിലങ്ങും വെട്ടി; വികാസ് ദുബെയുടെ നേതൃത്വത്തില്‍ നടന്നത് ഗറില്ലാ ആക്രമണം; അതി ക്രൂരമെന്ന് യുപി പൊലീസ്

പൊലീസ് സംഘം വരുന്നതറിഞ്ഞ് വീടിന്റെ ടെറസില്‍ തോക്കേന്തിയ കൂട്ടാളികളെ ദുബെ വിന്യസിച്ചിരുന്നു.
വികാസ് ദുബെയുടെ വീട് പൊലീസ് ഇടിച്ചുനിരത്തിയപ്പോള്‍/ചിത്രം: പിടിഐ
വികാസ് ദുബെയുടെ വീട് പൊലീസ് ഇടിച്ചുനിരത്തിയപ്പോള്‍/ചിത്രം: പിടിഐ

ലഖ്‌നൗ: കൊടുംകുറ്റവാളി വികാസ് ദുബെയുടെ നേതൃത്വത്തില്‍ നടന്നത് ഗറില്ല മോഡല്‍ ആക്രമണമെന്ന് ഉത്തര്‍പ്രദേശ് പൊലീസ്. എട്ട് പൊലീസുകാരെ ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് ആക്രമണത്തിന്റെ ക്രൂരത വ്യക്തമായത്.

പൊലീസ് സംഘം വരുന്നതറിഞ്ഞ് വീടിന്റെ ടെറസില്‍ തോക്കേന്തിയ കൂട്ടാളികളെ ദുബെ വിന്യസിച്ചിരുന്നു. ഇതിന് മുമ്പ് ജെസിബി റോഡിന് കുറുകെയിട്ട് ഗതാഗതം തടസപ്പെടുത്തി. ഇത് കണ്ട് പൊലീസുകാര്‍ പുറത്തിറങ്ങിയ ഉടന്‍ വീടിന്റെ ടെറസില്‍നിന്ന് തുടര്‍ച്ചയായി വെടിയുതിര്‍ത്തെന്നും കാണ്‍പുര്‍ ഐ.ജി. മോഹിത് അഗര്‍വാള്‍ പറഞ്ഞു.

ഏകദേശം അറുപതോളം പേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്. പൊലീസ് സംഘത്തില്‍ ആകെ 30പേരും. പോയിന്റ് ബ്ലാങ്കില്‍നിന്നുള്ള വെടിയേറ്റാണ് ഒരു സബ് ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെട്ടത്. പൊലീസുകാരുടെ കൈവശമുണ്ടായിരുന്ന എകെ47 തോക്കുകള്‍ അക്രമികള്‍ കൈക്കലാക്കി തിരികെ വെടിയുതിര്‍ക്കുകയും ചെയ്തു.

സബ് ഇന്‍സ്‌പെക്ടര്‍ അനൂപ് സിങ്, ശിവരാജ്പുര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ മഹേഷ് യാദവ് എന്നിവരുടെ മുഖത്തും നെഞ്ചിലും വെടിയേറ്റു. എകെ47 തോക്കില്‍നിന്ന് തുടര്‍ച്ചയായി നിറയൊഴിച്ചാണ് കോണ്‍സ്റ്റബിള്‍ ജിത്രേന്ദ്ര പാലിനെ കൊലപ്പെടുത്തിയത്. ദേഹമാസകലം വെടിയേറ്റ് പല ശരീരഭാഗങ്ങളും അറ്റുപോയ നിലയിലായിരുന്നു ഇദ്ദേഹത്തിന്റെ മൃതദേഹം. മറ്റ് മൂന്ന് കോണ്‍സ്റ്റബിള്‍മാരുടെ ശരീരത്തില്‍നിന്ന് കണ്ടെത്തിയത് 315 ബോര്‍ റൈഫിളില്‍നിന്നുള്ള വെടിയുണ്ടകളാണ്.

തലയറുത്തുമാറ്റിയ നിലയിലായിരുന്നു ഡിഎസ്പി ദേവേന്ദ്ര മിശ്രയുടെ മൃതദേഹം. ഇദ്ദേഹത്തിന്റെ കാല്‍വിരലുകള്‍ മുറിച്ചെടുക്കുകയും ശരീരമാകെ വെട്ടിപരിക്കേല്‍പ്പിക്കുകയും ചെയ്തു. കോടാലി ഉപയോഗിച്ചാണ് ക്രൂരത ചെയ്തതെന്നാണ് ഫൊറന്‍സിക് വിദഗ്ധരുടെ കണ്ടെത്തല്‍.

വ്യാഴാഴ്ച രാത്രിയാണ് വികാസ് ദുബെയെ പിടികൂടാനെത്തിയ േെപാലീസ് സംഘത്തിന് നേരേ ക്രൂരമായ ആക്രമണമുണ്ടായത്. എട്ട് പൊലീസുകാര്‍ കൊല്ലപ്പെടുകയും ആറ് പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏറ്റുമുട്ടലില്‍ ദുബെയുടെ സംഘത്തിലെ രണ്ടുപേരും കൊല്ലപ്പെട്ടിരുന്നു. അതേസമയം, സംഭവത്തിന് ശേഷം ഒളിവില്‍പോയ വികാസ് ദുബെയെ ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല.പൊലീസ് സംഘം എത്തുന്നത് തങ്ങള്‍ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നതായി അറസ്റ്റിലായ ദുബെയുടെ സഹായി വ്യക്തമാക്കി. പൊലീസ് സ്റ്റേഷനില്‍ നിന്നാണ് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്നും ഇയാള്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com