കോവാക്‌സിൻ മനുഷ്യരിലെ പരീക്ഷണം വെള്ളിയാഴ്ച തുടങ്ങും, ട്രയൽ 100 പേരിൽ; ആദ്യഘട്ടം പൂർത്തിയാക്കാൻ 28 ദിവസം

ആദ്യഘട്ട ട്രയലിനായുള്ള രജിസ്ട്രേഷൻ തുടങ്ങി
കോവാക്‌സിൻ മനുഷ്യരിലെ പരീക്ഷണം വെള്ളിയാഴ്ച തുടങ്ങും, ട്രയൽ 100 പേരിൽ; ആദ്യഘട്ടം പൂർത്തിയാക്കാൻ 28 ദിവസം

പാട്ന: ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് വാക്‌സിൻ ‘കോവാക്‌സി’ന്റെ ക്ലിനിക്കൽ ട്രയൽ വെള്ളിയാഴ്ച (ജൂലൈ 10) തുടങ്ങും.  പട്നയിലെ എയിംസിൽ അഞ്ച് വിദ​ഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലായിരിക്കും മനുഷ്യരിലെ വാക്സിൻ പരീക്ഷണം നടത്തുക. ഐസിഎംആറിന്റെ അനുമതി ലഭിച്ചതിനെത്തുടർന്ന് മനുഷ്യരിൽ പരീക്ഷണം നടത്താനുള്ള ഒരുക്കങ്ങൾ വേ​ഗത്തിൽ പൂർത്തീകരിക്കുകയായിരുന്നു. 

ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തി പരിചയമുള്ള വിദ​ഗ്ധരെയാണ് ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും ആദ്യഘട്ട ട്രയലിനായുള്ള രജിസ്ട്രേഷൻ തുടങ്ങിയെന്നും എയിംസ് തലവൻ ‌‌ഡോ സി എം സിങ് പറഞ്ഞു. 100 പേരിൽ പരീക്ഷണം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. മനുഷ്യരിലെ പരീക്ഷണം പൂർത്തിയാകാൻ ആറ് മുതൽ എട്ട് മാസം വരെ സമയമെടുക്കുമെന്നും ആദ്യ ഘട്ടം പൂർത്തിയാക്കാൻ 28 ദിവസം വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ക്ലിനിക്കൽ ട്രയലിന് കൂടുതൽ ആളുക്കൾ സന്നദ്ധത അറിയിക്കുന്നതനുസരിച്ച് പരീക്ഷണം നടത്തുന്നതിന്റെ എണ്ണം ഉയർത്തുമെന്ന് സിങ് പറഞ്ഞു. പരീക്ഷണത്തിന് ശേഷം അന്തിമ റിപ്പോർട്ട് ഐസിഎംആറിന് കൈമാറും. എല്ലാം നന്നായി വന്നാൽ വാക്സിൻ ഉടൻതന്നെ വിപണിയിലെത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. 

മൂന്ന് ഘട്ടമായാണ് പരീക്ഷണം നടത്തുക. ആദ്യ ഘട്ടത്തിന്റെ ഫലം പരിശോധിച്ച ശേഷമായിരിക്കും മറ്റ് ഘട്ടങ്ങളിലേക്ക് കടക്കുക. മുമ്പ് എലികളിലും മുയലിലും നടത്തിയ പരീക്ഷണം വിജയിച്ചതായി ഡോക്ടർമാർ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മനുഷ്യരിൽ പരീക്ഷിക്കാൻ ഐസിഎംആറിന്റെ അനുമതി ലഭിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com