വാഹനം മറിഞ്ഞപ്പോള്‍ തോക്ക് തട്ടിയെടുത്ത് രക്ഷപെടാന്‍ ശ്രമിച്ചു, വെടിയുതിര്‍ത്തത് ആത്മരക്ഷാര്‍ഥം; വികാസ് ദുബെയെ വധിച്ചതില്‍ പൊലീസ് വാദം ഇങ്ങനെ

വാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് വാദം
വാഹനം മറിഞ്ഞപ്പോള്‍ തോക്ക് തട്ടിയെടുത്ത് രക്ഷപെടാന്‍ ശ്രമിച്ചു, വെടിയുതിര്‍ത്തത് ആത്മരക്ഷാര്‍ഥം; വികാസ് ദുബെയെ വധിച്ചതില്‍ പൊലീസ് വാദം ഇങ്ങനെ

കാണ്‍പൂര്‍: ഗുണ്ടാത്തലവന്‍ വികാസ് ദുബെയെ വെടിവെച്ച് വീഴ്ത്തിയത് ആത്മരക്ഷാര്‍ഥമെന്ന് ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്. വാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് വാദം.

വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെ മധ്യപ്രദേശില്‍ നിന്നും വികാസ് ദുബെയുമായുള്ള സംഘം കാണ്‍പൂരിലേക്ക് വരവെ ബര എന്ന സ്ഥലത്ത് വെച്ചാണ് സംഭവം. വാഹനം മറിഞ്ഞ് വികാസ് ദുബെക്കും രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ക്കും പരിക്കേറ്റു. അപകടം സംഭവിച്ച സമയത്തെ ആശയക്കുഴപ്പത്തിന് ഇടയില്‍ വികാസ് ദുബെ രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. 

നിരവധി തവണ വെടിയൊച്ച കേട്ടതായി നാട്ടുകാര്‍ പറയുന്നു. തലക്ക് വെടിയേറ്റാണ് കൊല്ലപ്പെട്ടിരിക്കുന്നത്. രക്ഷപെടാനുള്ള ശ്രമം ഉപേക്ഷിച്ച് കീഴടങ്ങാന്‍ ദുബെയോട് നിര്‍ദേശിച്ചിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് വെടിയുതിര്‍ത്തതെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ ദിവസം ഉജ്ജെയ്‌നില്‍ നിന്നാണ് ദുബെയെ പിടികൂടിയത്. പൊലീസ് പിടികൂടുകയായിരുന്നോ, കീഴടങ്ങുകയായിരുന്നോ എന്നത് സംബന്ധിച്ചും സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. വികാസ് ദുബെയുടെ രണ്ട് അനുയായികളെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. രക്ഷപെടാന്‍ ശ്രമിക്കുന്നതിന് ഇടയില്‍ ഇവരെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു എന്നാണ് പൊലീസ് വിശദീകരിച്ചത്. 

കഴിഞ്ഞ വെള്ളിയാഴ്ച ദുബെയെ പിടികൂടുന്നതിനായി കാണ്‍പുരിലെ ഗ്രാമത്തിലെത്തിയ പൊലീസ് സംഘത്തിലെ ഡിഎസ്പി ദേവേന്ദ്രകുമാര്‍ മിശ്ര അടക്കം എട്ട് ഉദ്യോഗസ്ഥരെയാണ് ദുബെയും സംഘവും വെടിവെച്ച് കൊലപ്പെടുത്തിയത്. 

ദുബെയെ പിടിക്കുന്നതിനായി പൊലീസ് സംഘം കാണ്‍പൂരിലെ ഗ്രാമത്തിലെത്തിയപ്പോള്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡ് തടസപ്പെടുത്തി. ഇതോടെ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ പൊലീസ് സംഘത്തിന് നേര്‍ക്ക് കെട്ടിടത്തിന് മുകളില്‍ ഒളിച്ചിരിക്കുകയായിരുന്ന ദുബെയും സംഘം വെടിയുതിര്‍ക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com