എന്തുകൊണ്ട് അശോക് ഗെഹ്‌ലോട്ട്? ; കോണ്‍ഗ്രസ് സച്ചിന്‍ പൈലറ്റിനെ കൈവിട്ടതെന്ത്?

എന്തുകൊണ്ട് അശോക് ഗെഹ്‌ലോട്ട്? ; കോണ്‍ഗ്രസ് സച്ചിന്‍ പൈലറ്റിനെ കൈവിട്ടതെന്ത്?
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ജയ്പുര്‍: വളരെക്കുറിച്ച് എംഎല്‍എമാര്‍ മാത്രം ഒപ്പമുള്ളപ്പോഴും മുഖ്യമന്ത്രി പദം വേണമെന്ന നിര്‍ബന്ധത്തില്‍ ഉറച്ചുനിന്നതോടെയാണ് സച്ചിന്‍ പൈലറ്റിനെ കൈയൊഴിയാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചതെന്ന് സൂചന. രാജസ്ഥാനിലെ ജാതി സമവാക്യങ്ങളും ഗെഹ്‌ലോട്ടിനൊപ്പം നില്‍ക്കുന്നതില്‍ പാര്‍ട്ടി പരിഗണനയ്‌ക്കെടുത്തു.

പതിനഞ്ചില്‍ താഴെ എംഎല്‍എമാര്‍ ഒപ്പമുള്ളപ്പോഴാണ് മുഖ്യമന്ത്രിപദം വേണമെന്ന ആവശ്യം സച്ചിന്‍ പൈലറ്റ് ഒരു വിട്ടുവീഴ്ചയുമില്ലാതെ ഉന്നയിച്ചത്. ഡല്‍ഹിയില്‍ നിന്നുള്ള എഐസിസി നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ 90 പാര്‍ട്ടി എംഎല്‍എമാരെയെങ്കിലും പങ്കെടുപ്പിക്കാന്‍ അശോക് ഗെഹ്‌ലോട്ടിനായി.

ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തന്‍ എന്നതു മാത്രമല്ല, രാജസ്ഥാനില്‍ നിര്‍ണായക വോട്ടുബാങ്ക് ആയ ഒബിസി വിഭാഗത്തില്‍നിന്നുള്ള നേതാവാണ് എന്നതും ഗെഹ്‌ലോട്ടിനു തുണയായി. ഒബിസി വിഭാഗത്തെ പിണക്കുന്നത് ഗുണം ചെയ്യില്ലെന്ന് പാര്‍ട്ടി കണക്കുകൂട്ടി.  ഇന്ദിരാ ഗാന്ധിയുടെ കാലം മുതല്‍ നേതൃത്വത്തോട് അടുപ്പം പുലര്‍ത്തുന്നയാളാണ് ഗെഹ്‌ലോട്ട്. രാജീവ് ഗാന്ധിയുടെ കാലത്തും സോണിയ, രാഹുല്‍ കാലത്തും അതു മാറ്റമില്ലാതെ തുടര്‍ന്നു. ഇതുവരെ നേതൃത്വത്തെ വെല്ലുവിളിക്കാത്ത നേതാവ് എന്നും മുഖ്യമന്ത്രി പദവിയില്‍ ഗെഹ്ലോട്ടിനെ ഉറപ്പിച്ചു.

മുഖ്യമന്ത്രി പദം ഒഴികെയുള്ള എന്തിലും സച്ചിന്‍ പൈലറ്റുമായി ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസ് തയാറായിരുന്നുവെന്നാണ് സൂചനകള്‍. എന്നാല്‍ മറ്റൊരു ചര്‍ച്ചയ്ക്കും സച്ചിന്‍ തയാറായില്ല. ഈ നിലപാടും കടുത്ത നടപടികളിലേക്കു നീങ്ങാന്‍ കാരണമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com