രാജസ്ഥാനില്‍ പ്രതിസന്ധി രൂക്ഷം : രണ്ട് എംഎല്‍എമാരെ കോണ്‍ഗ്രസ് പുറത്താക്കി ; കേന്ദ്രമന്ത്രി ശെഖാവത്തിനെതിരെ കേസ്, ബിജെപി നേതാവ് കസ്റ്റഡിയില്‍

കുതിരക്കച്ചവടത്തിന് താന്‍ ശ്രമിച്ചിട്ടില്ലെന്നും, ഓഡിയോ ക്ലിപ്പിലെ ശബ്ദം തന്റേത് അല്ലെന്നും കേന്ദ്രമന്ത്രി ശെഖാവത്ത് പറഞ്ഞു
രാജസ്ഥാനില്‍ പ്രതിസന്ധി രൂക്ഷം : രണ്ട് എംഎല്‍എമാരെ കോണ്‍ഗ്രസ് പുറത്താക്കി ; കേന്ദ്രമന്ത്രി ശെഖാവത്തിനെതിരെ കേസ്, ബിജെപി നേതാവ് കസ്റ്റഡിയില്‍

ജയ്പൂര്‍ : കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിനെതിരെ രാജസ്ഥാന്‍ പൊലീസ് കേസെടുത്തു. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍  ചെയ്തത്. കേന്ദ്രമന്ത്രിയ്ക്ക് പുറമെ, വിമത എംഎല്‍എ ഭന്‍വര്‍ ലാല്‍ ശര്‍മയ്‌ക്കെതിരെയും പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍  ചെയ്തിട്ടുണ്ട്. 

അട്ടിമറി നീക്കത്തിന് ചുക്കാന്‍ പിടിച്ച ബിജെപി നേതാവ് സഞ്ജയ്  ജെയിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായും റിപ്പോര്‍ട്ടുണ്ട്. കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്തും സഞ്ജയ് ജെയിനുമായി ഭന്‍വര്‍ നടത്തിയ ചര്‍ച്ചകളുടെ ഓഡിയോ ക്ലിപ്പുകളാണ് കഴിഞ്ഞദിവസം പുറത്തെത്തിയതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല ആരോപിച്ചു.

ഇക്കാര്യത്തില്‍  സച്ചിന്‍ പൈലറ്റ് മൗനം വെടിയണമെന്നും, പൊതുജനങ്ങള്‍ക്കു മുന്നില്‍ സത്യം തുറന്നുപറയണമെന്നും സുര്‍ജേവാല ആവശ്യപ്പെട്ടു. കുതിരക്കച്ചവടത്തിന് താന്‍ ശ്രമിച്ചിട്ടില്ലെന്നും, ഓഡിയോ ക്ലിപ്പിലെ ശബ്ദം തന്റേത് അല്ലെന്നും കേന്ദ്രമന്ത്രി ശെഖാവത്ത് പറഞ്ഞു. ഇക്കാര്യത്തില്‍ ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

അതിനിടെ, സമവായ നീക്കങ്ങള്‍ക്ക് തിരിച്ചടി നല്‍കി സച്ചിന്‍ പൈലറ്റിന്റെ വിശ്വസ്തരായ  രണ്ട് എംഎല്‍എമാരെ കോണ്‍ഗ്രസ് പുറത്താക്കി.  വിമത എംഎല്‍എമാരായ ഭന്‍വര്‍ലാല്‍ ശര്‍മ, വിശ്വേന്ദ്ര സിങ് എന്നിവരെയാണ് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തത്. സര്‍ക്കാരിനെ വീഴ്ത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഇരുവര്‍ക്കും എതിരെ നടപടി.
 
തന്നെയും ഒപ്പമുള്ള 17 എംഎല്‍എമാരെയും അയോഗ്യരാക്കാനുള്ള സ്പീക്കറുടെ നീക്കത്തിനെതിരെ സച്ചിന്‍ പൈലറ്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് കോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് കോണ്‍ഗ്രസ് നീക്കം. കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങവിയാണ് സ്പീക്കര്‍ക്ക് വേണ്ടി ഹാജരാകുന്നത്. മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോഹ്ത്തഗിയും ഹരീഷ് സാല്‍വെയുമാണ് സച്ചിന് വേണ്ടി ഹാജരാകുക. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com