കോണ്‍ഗ്രസ് ട്വീറ്റ് പാര്‍ട്ടിയായി ; ആറുമാസത്തെ രാഹുലിന്റെ 'നേട്ടങ്ങള്‍ ' ഇവയൊക്കെ ; തിരിച്ചടിച്ച് ബിജെപി

കേന്ദ്രസര്‍ക്കാരിനെ ആക്രമിച്ച് തളര്‍ച്ച മാറ്റാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. എന്നാല്‍ അതിലും വിജയിക്കാനാവുന്നില്ലെന്ന് പ്രകാശ് ജാവദേക്കര്‍
കോണ്‍ഗ്രസ് ട്വീറ്റ് പാര്‍ട്ടിയായി ; ആറുമാസത്തെ രാഹുലിന്റെ 'നേട്ടങ്ങള്‍ ' ഇവയൊക്കെ ; തിരിച്ചടിച്ച് ബിജെപി

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ചുകൊണ്ടുള്ള രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍. രാഹുല്‍ഗാന്ധിയുടെ ആറുമാസത്തെ 'നേട്ടങ്ങള്‍' എന്ന പേരിലാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ മറുപടി നല്‍കിയിട്ടുള്ളത്. രാഹുല്‍ ദിവസവും ട്വീറ്റ് ചെയ്യുന്നു. കോണ്‍ഗ്രസ് ട്വീറ്റ് പാര്‍ട്ടിയായി ചുരുങ്ങിയിരിക്കുകയാണ്. 

കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നില്ല എന്നുതെളിയിക്കുന്നതാണ് ഒന്നിനു പിറകെ ഒന്നായി വരുന്ന ട്വീറ്റുകള്‍. കേന്ദ്രസര്‍ക്കാരിനെ ആക്രമിച്ച് തളര്‍ച്ച മാറ്റാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. എന്നാല്‍ അതിലും വിജയിക്കാനാവുന്നില്ലെന്ന് പ്രകാശ് ജാവദേക്കര്‍ പരിഹസിച്ചു. 

രാഹുല്‍ഗാന്ധിയുടെ ആറുമാസത്തെ നേട്ടങ്ങളും കേന്ദ്രമന്ത്രി പരിഹാസരൂപേണ വ്യക്തമാക്കി. ഫെബ്രുവരിയില്‍ ഷഹീന്‍ബാഗ് സംഘര്‍ഷം, മാര്‍ച്ചില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെയും മധ്യപ്രദേശ് സര്‍ക്കാരിന്റെയും പതനം, ഏപ്രിലില്‍ തൊഴിലാളികളെ പ്രകോപിപ്പിച്ചു. മെയില്‍ ചരിത്രപരമായ ലോക്‌സഭാതെരഞ്ഞെടുപ്പ് തോല്‍വി, ജൂണില്‍ ചൈനയ്ക്ക് വക്കാലത്തുമായി എത്തി, ജൂലൈയില്‍ ഭരണത്തിലുണ്ടായിരുന്ന രാജസ്ഥാനിലും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തകര്‍ച്ച എന്നിവയാണെന്ന് കേന്ദ്രമന്ത്രി ജാവദേക്കര്‍ പരിഹസിച്ചു.

നേരത്തെ കൊറോണ കാലത്തെ കേന്ദ്രസര്‍ക്കാര്‍ 'നേട്ടങ്ങള്‍' ചൂണ്ടിക്കാട്ടി ബിജെപിയെ പരിഹസിച്ച് രാഹുൽ​ഗാന്ധി നേരത്തെ എത്തിയിരുന്നു.  നേട്ടങ്ങളുടെ പട്ടികയില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താനുള്ള ശ്രമവും ഉള്‍പ്പെടുത്തിയാണ് രാഹുലിന്റെ പരിഹാസം. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമര്‍ശനം.

ഫെബ്രുവരിയില്‍ നമസ്‌തേ ട്രംപ്, മാര്‍ച്ചില്‍ മധ്യപ്രദേശ് സര്‍ക്കാരിനെ വീഴ്ത്തി, ഏപ്രിലില്‍ ജനങ്ങളെ കൊണ്ട് ദീപങ്ങള്‍ കൊളുത്തിച്ചു, മേയില്‍ സര്‍ക്കാരിന്റെ ആറാം വാര്‍ഷികാഘോഷം, ജൂണില്‍ ബിഹാറില്‍ വിര്‍ച്വല്‍ റാലി നടത്തി, ജൂലൈയില്‍ രാജസ്ഥാന്‍ സര്‍ക്കാരിനെ താഴെ വീഴ്ത്താനുള്ള ശ്രമം നടത്തിയതടക്കമാണ് കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് കാലത്തെ നേട്ടങ്ങള്‍. ഇതുകൊണ്ടാണ് കൊറോണ വൈറസിന് എതിരായ പോരാട്ടത്തില്‍ രാജ്യം സ്വയം പര്യാപ്തമായത് രാഹുല്‍ ട്വീറ്റില്‍ പരിഹസിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com