മോഷണവും കൊലപാതകവുമടക്കം ഒരു ഡസന്‍ കേസുകള്‍; തലയ്ക്ക് ഒരു ലക്ഷം; ലഖ്‌നൗവിനെ വിറപ്പിച്ച കൊടും കുറ്റവാളിയെ ഏറ്റുമുട്ടലില്‍ വധിച്ചു

മോഷണവും കൊലപാതകവുമടക്കം ഒരു ഡസന്‍ കേസുകള്‍; തലയ്ക്ക് ഒരു ലക്ഷം; ലഖ്‌നൗവിനെ വിറപ്പിച്ച കൊടും കുറ്റവാളിയെ ഏറ്റുമുട്ടലില്‍ വധിച്ചു
മോഷണവും കൊലപാതകവുമടക്കം ഒരു ഡസന്‍ കേസുകള്‍; തലയ്ക്ക് ഒരു ലക്ഷം; ലഖ്‌നൗവിനെ വിറപ്പിച്ച കൊടും കുറ്റവാളിയെ ഏറ്റുമുട്ടലില്‍ വധിച്ചു

ലഖ്‌നൗ: കൊടും കുറ്റവാളി വികാസ് ദുബെയെ ഏറ്റുമുട്ടലില്‍ വധിച്ചതിന്റെ വിവാദങ്ങള്‍ നില്‍ക്കെ ഉത്തര്‍പ്രദേശില്‍ മറ്റൊരു ക്രിമിനലിനെ കൂടി ഏറ്റുമുട്ടലില്‍ വധിച്ചു. ഒരു ഡസനോളം കേസുകളില്‍ പ്രതിയായ ടിങ്കു കപല (കമാല്‍ കിഷോര്‍) എന്ന കൊടും കുറ്റവാളിയെയാണ് ഉത്തര്‍പ്രദേശ് സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് ഏറ്റുമുട്ടലില്‍ വധിച്ചത്. 

ഇയാളുടെ തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ടിരുന്നു. വെള്ളിയാഴ്ച രാത്രി ബാരാബങ്കിയില്‍ വച്ചാണ് ടിങ്കുവിനെ വധിച്ചത്. ഇയാളുടെ പക്കല്‍ നിന്ന് വെടിയുണ്ടകളും മരുന്നുകളും ടാസ്‌ക് ഫോഴ്‌സ് സംഘം പിടിച്ചെടുത്തു. 

നേരത്തെ ഇയാളുടെ ചില കൂട്ടാളികളെ പൊലീസ് പിടികൂടിയിരുന്നു. ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. ടിങ്കുവിന്റെ മറ്റു സഹായികളേയും പൊലീസ് തിരയുന്നുണ്ട്. 

ലഖ്‌നൗ നഗരത്തെ ഏറെക്കാലം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഇയാള്‍ക്ക് നേരെ ഒരു ഡസനോളം ക്രിമിനല്‍ കേസുകളാണുള്ളത്. മോഷണം, കൊലപാതകം, കൊലപാതക ശ്രമം അടക്കമുള്ള കേസുകളുണ്ട്. 2019ല്‍ മോഷണ ശ്രമത്തിനിടെ രണ്ട് പേരെ കൊലപ്പെടുത്തിയിരുന്നു. ഈ കേസിലാണ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ടത്. 

ഗുജറാത്ത്, പൂനെ, മഹാരാഷ്ട്ര, വഡോദര എന്നിവിടങ്ങളിലൊക്കെ ഇയാള്‍ മോഷണം നടത്തിയിട്ടുണ്ട്. ഇവിടെയൊക്കെ ടിങ്കുവിനെതിരെ കേസുകളും നിലവിലുണ്ട്. 

വലിയ എന്തോ കുറ്റകൃത്യം ലക്ഷ്യമിട്ട് ടിങ്കു ബാരാബങ്കിയുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സംഘം ഇവിടെയെത്തിയത്. ഇക്കാര്യം മനസിലാക്കി ടിങ്കു ഇവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ടാസ്‌ക് ഫോഴ്‌സ് അധികൃതര്‍ അപ്പോഴേക്കും ഇയാളെ വളഞ്ഞിരുന്നു. തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. 

ടിങ്കു കപല എന്നാണ് പേരെങ്കിലും കമാല്‍ കിഷോര്‍, ഹേമന്ത് കുമാര്‍, സഞ്ജയ്, മാമ തുടങ്ങി നിരവധി പേരുകള്‍ ഇയാള്‍ക്കുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com