കോവിഡിനെ തോല്‍പ്പിച്ച് ഭാര്യയുടെ മടങ്ങിവരവ്; കബാലി സ്റ്റൈലില്‍ സ്വീകരണമൊരുക്കി രജനി ആരാധകന്‍

പ്രൗഢമായ റെഡ് കാര്‍പ്പറ്റ് വരവേല്‍പാണ് ഭാര്യയ്ക്കായി സജ്ജീകരിച്ചത്
കോവിഡിനെ തോല്‍പ്പിച്ച് ഭാര്യയുടെ മടങ്ങിവരവ്; കബാലി സ്റ്റൈലില്‍ സ്വീകരണമൊരുക്കി രജനി ആരാധകന്‍

തുമക്കുരു (ബെംഗളൂരു): കോവിഡ് ബാധ ഭേദമായി വീട്ടില്‍ തിരിച്ചെത്തിയ ഭാര്യയ്ക്ക് ഗംഭീര സ്വീകരണമൊരുക്കി രജനികാന്ത് ആരാധകനായ ഭര്‍ത്താവ്. പ്രൗഢമായ റെഡ് കാര്‍പ്പറ്റ് വരവേല്‍പാണ് ഭാര്യയ്ക്കായി ഇവന്റ് മാനേജറായ രാമചന്ദ്ര റാവു സജ്ജീകരിച്ചത്.

നഴ്‌സ് ആയി ജോലിചെയ്യുന്ന രാമചന്ദ്ര റാവുവിന്റെ ഭാര്യ കലാവതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വീട്ടില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്നിരുന്നു. അതുവരെ വളരെ അടുത്ത് ഇടപെട്ടുകൊണ്ടിരുന്ന അയല്‍ക്കാര്‍ രോഗം സ്ഥിരീകരിച്ചത് അറിഞ്ഞതില്‍ പിന്നെ ശത്രുതയോടെ പെരുമാറാന്‍ തുടങ്ങി. തനിക്ക് ചുറ്റുമുള്ള ഈ അനീതി കണ്ടാണ് ഭാര്യയ്ക്ക് ഒരു വര്‍ണ്ണാഭമായ സ്വീകരണം ഒരുക്കണമെന്ന് രാമചന്ദ്ര റാവു തീരുമാനിച്ചത്.

പത്ത് ദിവസത്തോളം വീട് സീല്‍ ചെയ്തിരിക്കുകയായിരുന്നെന്നും ഭാര്യയെ കാണാന്‍ കാത്തിരിക്കുകയായിരുന്നു താനെന്നും അദ്ദേഹം പറയുന്നു. ചുവന്ന പരവതാനി വിരിച്ച് ഇരുവശത്തുനിന്നും പൂക്കള്‍ വിതറിയാണ് അദ്ദേഹം ഭാര്യയെ വീട്ടിലേക്ക് ആനയിച്ചത്.

കോവിഡ് വാര്‍ഡില്‍ മൂന്ന് മാസത്തിലേറെ ജോലി ചെയ്തതിന് ശേഷമാണ് കലാവതിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗത്തെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന പൂര്‍ണ്ണ വിശ്വാസം തനിക്കുണ്ടായിരുന്നെന്നാണ് കലാവതിയുടെ വാക്കുകള്‍. ഓഗസ്റ്റ് ഒന്നുമുതല്‍ വീണ്ടും ജോലിയില്‍ പ്രവേശിക്കുമെന്നും അവര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com