തിയേറ്ററുകള്‍,ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍ തുറക്കില്ല; രാത്രി കര്‍ഫ്യൂ ഒഴിവാക്കി, സമരപരിപാടികള്‍ക്ക് വിലക്ക് തുടരും: അണ്‍ലോക്ക്-3 മാര്‍ഗനിര്‍ദേശം 

രാത്രി കര്‍ഫ്യൂ എടുത്തു കളഞ്ഞതും ജിം, യോഗാ സെന്ററുകള്‍ എന്നിവ ഉപാധികളോടെ തുറക്കാന്‍ അനുവദിച്ചതുമാണ് പ്രധാനപ്പെട്ട കാര്യം
തിയേറ്ററുകള്‍,ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍ തുറക്കില്ല; രാത്രി കര്‍ഫ്യൂ ഒഴിവാക്കി, സമരപരിപാടികള്‍ക്ക് വിലക്ക് തുടരും: അണ്‍ലോക്ക്-3 മാര്‍ഗനിര്‍ദേശം 

ന്യൂഡല്‍ഹി:  കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ സൃഷ്ടിച്ച സാമ്പത്തിക പ്രത്യാഘാതങ്ങളില്‍ നിന്ന് സമ്പദ് വ്യവസ്ഥയെ രക്ഷിക്കുന്നതിന് തുറന്നിടല്‍ പ്രക്രിയ ഘട്ടംഘട്ടമായി നടന്നുവരികയാണ്. ഇന്നലെ പ്രഖ്യാപിച്ച അണ്‍ലോക്ക്- 3 മാര്‍ഗനിര്‍ദേശത്തില്‍ കൂടുതല്‍ മേഖലകള്‍ക്ക് ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. സാമൂഹിക അകലം അടക്കം മുന്‍കരുതല്‍ നടപടികളില്‍ ഉറച്ചുനിന്ന് കൊണ്ട് തന്നെയാണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്.

രാത്രി കര്‍ഫ്യൂ എടുത്തു കളഞ്ഞതും ജിം, യോഗാ സെന്ററുകള്‍ എന്നിവ ഉപാധികളോടെ തുറക്കാന്‍ അനുവദിച്ചതുമാണ് പ്രധാനപ്പെട്ട കാര്യം. ഓഗസ്റ്റ് അഞ്ചുമുതല്‍ ജിമ്മുകളും യോഗാ സെന്ററുകളും തുറന്നുപ്രവര്‍ത്തിക്കാനാണ് അനുവാദം നല്‍കിയിരിക്കുന്നത്. എന്നാല്‍ സാമൂഹിക അകലം ഉള്‍പ്പെടെയുളള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന മുന്നറിയിപ്പും സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. 

സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ നടത്താന്‍ അനുവദിച്ചതാണ് മറ്റൊരു കാര്യം. സാമൂഹിക അകലം പാലിച്ച് സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ നടത്താനാണ് അനുവദിച്ചിരിക്കുന്നത്. അതേസമയം സ്‌കൂളുകളും കോളജുകളും അടഞ്ഞുതന്നെ കിടക്കും. ഓഗസ്റ്റ് 31 വരെ സ്‌കൂളുകളും കോളജുകളും തുറക്കേണ്ടതില്ല എന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.

മെട്രോ, സിനിമ ഹാള്‍, സ്വിമ്മിങ്പൂള്‍, വിനോദ പാര്‍ക്കുകള്‍, തിയേറ്ററുകള്‍, ബാറുകള്‍, ഓഡിറ്റോറിയം, സമ്മേളന ഹാളുകള്‍ എന്നിവ അടഞ്ഞു തന്നെ കിടക്കും. സാംസ്‌കാരിക, രാഷ്ട്രീയ, സാമൂഹിക കൂടിച്ചേരലുകള്‍ക്കുളള നിരോധനം തുടരും. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ക്ഡൗണ്‍ തുടരുമെന്നും ഇന്നലെ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

രാത്രി കര്‍ഫ്യൂ ഒഴിവാക്കിയതോടെ അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് തടസ്സമില്ല. ചരക്കുനീക്കവും സുഗമമായി നടക്കും. ഇതിനായി പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com