ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം വൈകരുത്, ക്വാറന്റൈന്‍ അവധിയല്ലെന്നും സുപ്രീം കോടതി

ഉത്തരവ് അനുസരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ബാധ്യത കേന്ദ്രത്തിനുണ്ട്. ദുരന്ത നിവാരണ നിയമപ്രകാരം അതിനുള്ള അധികാരം കേന്ദ്രത്തിനുണ്ട്
ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം വൈകരുത്, ക്വാറന്റൈന്‍ അവധിയല്ലെന്നും സുപ്രീം കോടതി

ന്യൂഡല്‍ഹി: ഡോക്ടര്‍മാര്‍ക്കും കോവിഡിനെതിരെ പോരാടുന്ന മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ശമ്പളം കൃത്യസമയത്ത് നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം. ആരോഗ്യപ്രവര്‍ത്തകരുടെ ക്വാറന്റൈന്‍ കാലം അവധിയായി കണക്കാക്കരുതെന്നും ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചു.

ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളം പിടിച്ചുവയ്ക്കരുതെന്ന് ജൂണ്‍ 17ന് കോടതി ഉത്തരവിറക്കിയിരുന്നു. ഇതിന് അനുസൃതമായി എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ ഒഴികെയുള്ളവ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൃത്യമായി ശമ്പളം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. സംസ്ഥാനങ്ങള്‍ ഉത്തരവ് അനുസരിക്കാതിരിക്കുന്നത് കേന്ദ്രം നിസ്സഹായതയോടെ കാണേണ്ടതില്ലെന്ന് കോടതി ഓര്‍മിപ്പിച്ചു.

''സംസ്ഥാനങ്ങള്‍ നിര്‍ദേശം അനുസരിക്കുന്നില്ലെങ്കില്‍ കേന്ദ്രം നിസ്സഹായരായി ഇരിക്കേണ്ടതില്ല. ഉത്തരവ് അനുസരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ബാധ്യത കേന്ദ്രത്തിനുണ്ട്. ദുരന്ത നിവാരണ നിയമപ്രകാരം അതിനുള്ള അധികാരം കേന്ദ്രത്തിനുണ്ട്''-കോടതി പറഞ്ഞു.

കോടതി ഉത്തരവുണ്ടായിട്ടും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ശമ്പളം ലഭിക്കുന്നില്ലെന്ന് ഹര്‍ജി നല്‍കിയ ആരുഷി ജയിന്‍ ചൂണ്ടിക്കാട്ടി. കോടതി ഉത്തരവിനു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യപ്രവര്‍ത്തകരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് എന്നിങ്ങനെ തിരിച്ചുകൊണ്ട് ഇറക്കിയ മാര്‍ഗനിര്‍ദേശത്തിന് യുക്തിപരമായ അടിസ്ഥാനമില്ലെന്ന് ആരുഷി ജയിന്‍ പറഞ്ഞു.

കേസ് കോടതി ഓഗസ്റ്റ് പത്തിലേക്കു മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com